9 മാസം, ഇന്ത്യ പരീക്ഷിച്ചത് 7 ക്യാപ്റ്റന്മാരെ!

അഭിറാം മനോഹർ| Last Modified വെള്ളി, 1 ജൂലൈ 2022 (15:17 IST)
കഴിഞ്ഞ 9 മാസത്തിനിടെ പരീക്ഷിച്ചത് ഏഴ് ക്യാപ്റ്റന്മാരെ. പരിക്കും മത്സരങ്ങളുടെ ആധിക്യവുമാണ് ഇതിന് കാരണമായത്. ഇന്ത്യൻ നായകൻ എന്ന നിലയിൽ കോലി പിന്മാറിയതും ബി ടീം എന്ന ഓപ്ഷനുമായി ബിസിസിഐ രംഗത്തെത്തിയതുമാണ് നായകന്മാരുടെ എണ്ണം ഉയരാൻ കാരണം.

2021ൽ ഇന്ത്യയുടെ ശ്രീലങ്ക,വിൻഡീസ്,ന്യൂസിലൻഡ് പരമ്പരകളിൽ രോഹിത് ശർമയായിരുന്നു ഇന്ത്യൻ നായകൻ. ദക്ഷിണാഫ്രിക്കക്കെതിരെ കെ എൽ ഇന്ത്യൻ നായകനായി. ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിൽ വിരാട് കോലി ടെസ്റ്റ് ടീമിനെ നയിച്ചപ്പോൾ ഒന്നാം ടെസ്റ്റിൽ അജിങ്ക്യ രഹാനെയായിരുന്നു നായകനായത്.

രോഹിത് ശർമയ്ക്ക് വിശ്രമവും കെ എൽ രാഹുലിന് പരിക്കേൽക്കുകയും കൂടി ചെയ്തതോടെ ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ റിഷഭ് പന്തായിരുന്നു ഇന്ത്യൻ നായകൻ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയുടെ പശ്ചാത്തലത്തിൽ പന്തിന് ടെസ്റ്റ് ടീമിൽ വിളിയെത്തിയതോടെ ഇന്ത്യയുടെ അയർലൻഡ് പര്യടനത്തിൽ ഇന്ത്യ ഇറങ്ങിയത് സ്റ്റാർ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ. ഇപ്പോഴിതാ രോഹിത് ശർമയുടെയും രാഹുലിൻ്റെയും അഭാവത്തിൽ ഇന്ത്യയുടെ ടെസ്റ്റ് ടീം നായകനായി പേസർ ജസ്പ്രീത് ബുമ്രയെ തിരെഞ്ഞെടുത്തിരിക്കുകയാണ്.

കൂടുതൽ താരങ്ങൾ നായകന്മാരായി എത്തുന്നത് ടീമിനെ സംബന്ധിച്ചിടത്തോളം പോസിറ്റീവാണെങ്കിലും ഇന്ത്യൻ നായകനായ രോഹിത് ശർമയും ഭാവി നായകനായ കെ എൽ രാഹുലും തുടർച്ച പരിക്കുകളിൽ വീഴുന്നത് ഇന്ത്യൻ ടീമിന് ആശങ്ക നൽകുന്നതാണ്. തുടർച്ചയായ മത്സരങ്ങളും ടീമിനെ തളർത്തുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :