കളി അവസാനിപ്പിച്ച് ധോനി? ഇനിയെന്ത് ചോദ്യവുമായി ആരാധകര്‍

Dhoni Diving
Dhoni Diving
കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 20 മെയ് 2024 (09:24 IST)
ആരാധകര്‍ക്ക് പിടി തരാത്ത മനസ്സാണ് ധോനിക്ക്. ക്യാപ്റ്റന്‍ കൂള്‍ പലപ്പോഴും അപ്രതീക്ഷിതമായ തീരുമാനങ്ങള്‍ എടുത്ത് ഞെട്ടിച്ചിട്ടുണ്ട്. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറിയതും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതും ടീമംഗങ്ങളെ പോലും അറിയിച്ചിട്ടില്ല എന്നാണ് പറയപ്പെടുന്നത്. പ്ലേ ഓഫ് കാണാതെ പതിനേഴാം ഐപിഎല്‍ സീസണില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മടങ്ങിയതോടെ ധോനിയുടെ അടുത്ത നീക്കം എന്തായിരിക്കും എന്ന് അറിയുവാനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍.

42 വയസ്സ് പ്രായമുള്ള ധോനി ഈ ഐപിഎല്‍ സീസണില്‍ 14 മത്സരങ്ങളിലും കളിച്ചെങ്കിലും 13 കളികളിലാണ് ബാറ്റിങ്ങിന് ഇറങ്ങിയത് 73 പന്തുകള്‍ നേരിട്ട താരം 161 റണ്‍സ് അടിച്ചെടുത്തു. യുവതാരങ്ങളെ പോലും ആശ്ചര്യപ്പെടുത്തുന്ന സ്‌ട്രൈക്ക് റൈറ്റ് 220.54 ധോനിക്ക് ഉണ്ടായിരുന്നു.

അടുത്ത സീസണില്‍ കളിക്കാരനായി തന്നെ ധോനി എത്തുമോ എന്ന ചോദ്യം ആരാധകരുടെ ഉള്ളിലുണ്ട്. അടുത്ത തവണ പുതിയ റോളില്‍ ആയിരിക്കുമെന്ന് താരം തന്നെ സൂചന നല്‍കിയിരുന്നു. അങ്ങനെയാണെങ്കില്‍ ബാംഗ്ലൂരിനെതിരായ മത്സരം ധോനിയുടെ വര്‍ഷങ്ങള്‍ നീണ്ട ഐപിഎല്‍ കരിയറിലെ അവസാന മത്സരമാകും.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 5 കിരീടം സമ്മാനിച്ച ക്യാപ്റ്റനാണ് അദ്ദേഹം. ശനിയാഴ്ചത്തെ മത്സരത്തില്‍ 13 പന്തില്‍ 25 റണ്‍സുമായി ധോനി തന്നാലാവും വിധം പരിശ്രമിച്ചെങ്കിലും ജയിക്കാനായില്ല.

ഇത്തവണത്തെ ക്വാളിഫയര്‍ രണ്ട്, ഫൈനല്‍ മത്സരങ്ങള്‍ ചെന്നൈയിലാണ്. സൂപ്പര്‍ കിംഗ്‌സിന്റെ കിരീട ധാരണവും ധോണിയുടെ വിരമിക്കലും പരിഗണിച്ചാണ് ഫൈനല്‍ ചെന്നൈയില്‍ ആക്കിയത് എന്നും പറയപ്പെടുന്നുണ്ടായിരുന്നു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :