അഭിറാം മനോഹർ|
Last Modified വെള്ളി, 9 സെപ്‌റ്റംബര്‍ 2022 (15:15 IST)
ഏഷ്യാകപ്പിലെ സൂപ്പർ ഫോർ പോരാട്ടത്തിൽ അഫ്ഗാനെതിരെയായ മത്സരത്തിൽ ഓപ്പണറായി ഇറങ്ങി സെഞ്ചുറി പ്രകടനത്തോടെ തൻ്റെ വിമർശകർക്ക് ചുട്ട മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ മുൻ നായകനായ വിരാട് കോലി. ഓപ്പണറായി വിരാട് കോലി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ ഓപ്പണറായി വിരാട് കോലി തന്നെ ടി20യിൽ തുടരുമോ എന്ന ചോദ്യത്തിന് കുറിക്കുകൊള്ളുന്ന മറുപടി നൽകിയിരിക്കുകയാണ് നായകനായ കെ എൽ രാഹുൽ.
ഐപിഎല്ലിൽ ഓപ്പണറായി അഞ്ച് സെഞ്ചുറികൾ എന്ന മികച്ച റെക്കോഡുള്ള താരമാണ് കോലി. ഇന്നും ഓപ്പണറായി സെഞ്ചുറി നേടി. വരുന്ന മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക,ഓസ്ട്രേലിയ എന്നിവർക്കെതിരെയും ലോകകപ്പിലും കോലി തന്നെ ഓപ്പൺ ചെയ്യുമോ എന്ന ചോദ്യത്തിനാണ് രാഹുൽ മറുപടി നൽകിയത്.
മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിനോട് ഞാൻ പുറത്തിരിക്കണമെന്നാണോ നിങ്ങൾ പറയുന്നത് എന്നായിരുന്നു രാഹുലിൻ്റെ ആദ്യമറുപടി. വിരാട് ടീമിലെ പ്രധാന കളിക്കാരനാണ്. അദ്ദേഹം ഇന്ന് ബാറ്റ് ചെയ്ത രീതി ഗംഭീരമായിരുന്നു. കോലിയുടെ എല്ലാ തയ്യാറെടുപ്പുകളും വിജയം കണ്ടു. ലോകകപ്പിന് മുൻപ് കോലി ഫോമിലേക്ക് ഉയരുന്നത് ടീമിനും മെച്ചമാണ്. രണ്ട് മൂന്ന് മികച്ച ഇന്നിങ്ങ്സുകൾ കളിക്കാനായാൽ കോലിക്ക് ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാകും.
കോലിക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് നമ്മൾക്കറിയാം. ഓപ്പണിങ്ങിൽ സെഞ്ചുറി നേടുന്നത് മാത്രമല്ല. ടീമിൽ അദ്ദേഹത്തിന് വേറെയും ചുമതലയുണ്ട്. അടുത്ത പരമ്പര ടീം കളിക്കുമ്പോൾ കോലിയുടെ റോൾ മറ്റൊന്നാകും. ആ സ്ഥാനത്ത് ഏറ്റവും മികച്ച പ്രകടനം അദ്ദേഹം തരും. അതിനാൽ കോലിയുടെ ബാറ്റിങ് പൊസിഷനെ പറ്റിയുള്ള ചോദ്യങ്ങൾക്ക് പ്രസക്തിയില്ല. രാഹുൽ പറഞ്ഞു.