വെബ്ദുനിയ ലേഖകൻ|
Last Modified തിങ്കള്‍, 4 മെയ് 2020 (12:40 IST)
സമകാലിക ക്രിക്കറ്റിൽ അപകടകാരികളായ ബാറ്റ്സ്‌മാൻമാരിൽ മുൻ നിരയിലാണ് രോഹിത് ശർമ. റെക്കോർഡ് വേട്ടയിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയ്ക്ക് ഉൾപ്പടെ വലിയ മത്സരം തീർക്കുന്ന താരം. രോഹിതിന്റെ ഈ വളർച്ചയ്ക്ക് കാരണം മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയാണ് എന്ന് വെളിപ്പെടുത്തിയിരിയ്ക്കുകയാണ് ഗൗതം ഗംഭീർ. ക്യാപ്റ്റനെന്ന നിലയിൽ ധോണി നൽകിയ പിന്തുണയാണ് താരത്തെ ഉയരങ്ങളിലെത്തിച്ചത് എന്ന് ഗംഭീർ പറയുന്നു.
'ഇന്ന് രോഹിത് കരിയറില്‍ എവിടെ നില്‍ക്കുന്നുവോ അതിന് കാരണം ധോണിയാണ്. ക്യാപ്റ്റന്റെ പിന്തുണയില്ലെങ്കില്‍ സെലക്ഷന്‍ കമ്മിറ്റിയും ടീം മാനേജ്‌മെന്റുമൊന്നും താരങ്ങളെ പിന്തുണയ്ക്കില്ല. ആ സമയത്ത് രോഹിത്തിന് ധോണി നല്‍കിയ പിന്തുണ അഭിനന്ദനാര്‍ഹമാണ്. ഒരുപാട് കളിക്കാര്‍ക്കൊന്നും അത്തരമൊരു പിന്തുണ ക്യാപ്റ്റന്മാരില്‍ നിന്ന് ലഭിക്കില്ല, കരിയറിന്റെ തുടക്കത്തില്‍ ഫോം കണ്ടെത്താൻ പ്രയാസപ്പെട്ടുവെങ്കിലും രോഹിത്തിനെ മാറ്റിനിര്‍ത്തിയിരുന്നില്ല.
ഏത് പര്യടനത്തിനു മുൻപും നടക്കുന്ന സെലക്ഷന്‍ കമ്മിറ്റി മീറ്റിങ്ങുകളിലും രോഹിത്തിന്റെ പേര് എപ്പോഴും ഉയര്‍ന്നുവരാറുണ്ട്, നമുക്ക് രോഹിത്തിനെ, ടീമിലെടുക്കാം എന്ന് ധോണി എപ്പോഴും പറയാറുണ്ടായിരുന്നു. രോഹിത്തിന്റെ കഴിവ് ധോണി തിരിച്ചറിഞ്ഞിരുന്നു. മധ്യനിരയില്‍ പലപ്പോഴും മികച്ച പ്രകടനം നടത്താന്‍ സാധിക്കാതിരുന്ന രോഹിത്തിനെ ഓപ്പണിങ്ങില്‍ പരീക്ഷിക്കാനുള്ള തീരുമാനം ധോണിയുടേതായിരുന്നു. രോഹിത്തിന്റെ കരിയറിലും ഇന്ത്യയുടെ മുന്നേറ്റത്തിലും ഏറെ നിർണായകമായ നീക്കം കൂടിയായിരുന്നു അത്.