28 വർഷത്തെ കാത്തിരിപ്പിന് വിരാമം, മാലാഖ ചിറകിലേറി അർജന്റൈൻ വിജയം

അഭിറാം മനോഹർ| Last Updated: ഞായര്‍, 11 ജൂലൈ 2021 (07:49 IST)
ലോകം കാത്തിരുന്ന അമേരിക്ക കിരീടം അർജന്റീനയ്ക്ക്. ലോകഫുട്ബോളിൽ എല്ലാ നേട്ടങ്ങളും വെട്ടിപിടിച്ചെങ്കിലും ഒരു അന്താരാഷ്ട്ര കിരീടം സ്വന്തമാവാതിരുന്ന മെസ്സിക്ക് സ്വപ്‌ന സാക്ഷാത്‌കാരം കൂടിയായി കോപ്പ അമേരിക്ക കിരീട നേട്ടം. അർജന്റീനയുടെ 28 വർഷത്തെ കിരീടവരൾച്ച‌ക്കാണ് ഈ കോപ്പ കിരീടം അറുതിവരുത്തിയത്.

22-ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയയാണ് അര്‍ജന്റീനയുടെ ഗോള്‍ നേടിയത്. ടൂർണമെന്റിലെ സൂപ്പർ സബ് എന്നറിയപ്പെട്ട എയ്‌ഞ്ചൽ ഡി മരിയ മുഴുവൻ സമയം കളിക്കാനിറങ്ങിയപ്പോൾ അർജന്റൈൻ ആരാധകരെ തൃപ്‌തിപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. പരിക്കൻ കളി കണ്ട ആദ്യ 15 മിനുട്ടുകൾക്ക് ശേഷം പന്ത് തടയുന്നതില്‍ ബ്രസീല്‍ ഡിഫന്‍ഡര്‍ റെനന്‍ ലോഡിക്ക് സംഭവിച്ച പിഴവ് മുതലെടുത്തുകൊണ്ടാണ് ഡിമരിയ അർജന്റീനയുടെ ആദ്യ ഗോൾ നേടിയത്.

പാസ് സ്വീകരിച്ച് മുന്നേറിയ ഡി മരിയ ബ്രസീല്‍ ഗോള്‍കീപ്പര്‍ എഡേഴ്‌സനെ കബളിപ്പിച്ച് പന്ത് ചിപ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. മത്സരത്തിന്റെ നിയന്ത്രണം ആദ്യസമയങ്ങളിൽ ഏറ്റെടുത്തത് ബ്രസീലായിരുന്നെങ്കിലും ആദ്യ പകുതി അവസാനിക്കുമ്പോൾ അർജന്റീന മരിയയിലൂടെ ഒരു ഗോളിന് മുന്നിലാണ്. ആദ്യ പകുതിയില്‍ മികച്ച ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാന്‍ ബ്രസീലിന് സാധിച്ചില്ല. 29-ാം മിനിറ്റില്‍ ഡി മരിയ വീണ്ടും ബ്രസീലിനെ ഞെട്ടിച്ചു. എന്നാൽ ഇത്തവണ അവസരം മുതലാക്കാൻ താരത്തിലായില്ല. 33-ാം മിനിറ്റില്‍ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ മെസ്സിയുടെ ഷോട്ട് പുറത്തേക്ക് പോകുകയും ചെയ്തു.

അതേസമയം ബ്രസീലിയൻ അക്രമണങ്ങളാണ് രണ്ടാം പകുതിയിൽ കാണാനായത്. അർജന്റൈൻ ഗോൾ മുഖത്ത് ബ്രസീലിയൻ നിര നിരന്തരം അക്രമണം അഴിച്ചുവിട്ടെങ്കിലും ഗോൾ കണ്ടെത്താൻ ബ്രസീലിയൻ നിരയ്ക്കായില്ല.

അതേസമയം ബ്രസീലിയൻ അക്രമണങ്ങളാണ് രണ്ടാം പകുതിയിൽ കാണാനായത്. അർജന്റൈൻ ഗോൾ മുഖത്ത് ബ്രസീലിയൻ നിര നിരന്തരം അക്രമണം അഴിച്ചുവിട്ടെങ്കിലും ഗോൾ കണ്ടെത്താൻ ബ്രസീലിയൻ നിരയ്ക്കായില്ല. 53ആം മിനുട്ടിൽ റിച്ചാർഡ്‌സൺ പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്‌സൈഡ് വില്ലനായി. 64ആം മിനിറ്റിൽ ബ്രസീൽ പ്രതിരോധനിരയെ കീറി മെസ്സി അവസരം സൃഷ്‌ടിച്ചെങ്കിലും അർജന്റൈൻ മധ്യനിരതാരം പന്ത് പുറത്തേക്കടിച്ച് കളഞ്ഞു.

80ആം മിനിറ്റിൽ നെയ്‌മറിനെതിരായ ഓട്ടോമെൻഡിയുടെ ഫൗളിനെ തുടർന്ന് ബ്രസീൽ അർജന്റൈൻ താരങ്ങൾ ഗ്രൗണ്ടിൽ കൊമ്പുകോർക്കുകയും ചെയ്‌തു. 82ആം മിനിറ്റിൽ കിട്ടിയ അവസരവും ബ്രസീലിന് മുതലാക്കാനായില്ല.

86ആം മിനിറ്റിൽ ബാർബോസയുടെ വെടിയുണ്ട ഷോട്ടിൽ മാർട്ടിനെസ് വീണ്ടും രക്ഷകനായപ്പോൾ തൊട്ടടുത്ത മിനിറ്റിൽ പന്തുമായി കുതിച്ച മെസ്സിക്ക് മുന്നിൽ ബ്രസീലിയൽ ഗോൾകീപ്പർ മാത്രം. എന്നാൽ പന്ത് ലക്ഷ്യത്തിലെത്തിക്കാൻ മെസ്സിക്കായില്ല. 5 മിനിറ്റ് അധികസമയം ലഭി‌ച്ചെങ്കിലും അർജന്റൈൻ പ്രതിരോധം ഭേദിക്കാൻ ബ്രസീൽ പരാജയപ്പെട്ടതോടെ കിരീടം അർജന്റീനക്ക്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :