കാണുന്ന പോലെ അത്ര എളുപ്പമല്ല, ക്യാപ്റ്റൻസിയുടെ ബുദ്ധിമുട്ടുകൾ എണ്ണിപറഞ്ഞ് രോഹിത്

India, England, Rohit Sharma, India vs England
India
അഭിറാം മനോഹർ| Last Modified ചൊവ്വ, 13 ഫെബ്രുവരി 2024 (19:20 IST)
ഏറ്റവും പ്രയാസമേറിയ ജോലികളിലൊന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനമെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. എല്ലായ്‌പ്പോഴും യുവതാരങ്ങളെ ഒപ്പം നിര്‍ത്താനാണ് ശ്രമിച്ചിട്ടുള്ളതെന്നും അത് പലപ്പോഴും ടീമിന് ഗുണം ചെയ്തിട്ടുണ്ടെന്നും രോഹിത് പറയുന്നു. ടീമിലെ ഓരോ താരത്തിന്റെയും റോള്‍ എന്താണെന്നത് അവരെ ബോധ്യപ്പെടുത്തുക എന്നത് ഒരു ക്യാപ്റ്റന്റെ പ്രധാന ജോലിയാണ്.

ഓരോ കളിക്കാരും വ്യത്യസ്ഥമായ മാനസികാവസ്ഥയുമായാകും ടീമിലേക്കെത്തുക. അവര്‍ക്ക് എന്താണോ ചെയ്യാന്‍ താത്പര്യം അത് ചെയ്യാനാകും ശ്രമിക്കുക. അതിനാല്‍ തന്നെ പുതുതായി ടീമിലെത്തുന്നവരോട് സംസാരിക്കാനായി ശ്രമിക്കാറുണ്ട്. സഹതാരങ്ങള്‍ക്ക് സ്വാതന്ത്ര്യവും പ്രാധാന്യവും നല്‍കാനാണ് ഞാന്‍ ശ്രമിക്കുന്നത്. ആറാം നമ്പറിലോ ഏഴാം നമ്പറിലോ ഉള്ള ഒരു താരം 10 പന്തുകള്‍ മാത്രമെ കളിച്ചുള്ളുവെങ്കിലും അത് പ്രശ്‌നമല്ല. മത്സരത്തില്‍ വിജയിക്കുക എന്നതാണ് കാര്യം. ടീമിനായി 11 പേരും മികച്ച പ്രകടനം നല്‍കണം എന്നതാണ് നമ്മുടെ ആവശ്യം.

ഞാന്‍ എല്ലായ്‌പ്പോഴും താരങ്ങളുടെ റൂമിലെത്തി അവരോട് വ്യക്തിപരമായി സംസാരിക്കുകയും അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. ഇത്തരത്തില്‍ ഒരു അന്തരീക്ഷമില്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ടീം മാനേജ്‌മെന്റിലാണ് എന്റെ റോള്‍ തുടങ്ങുന്നത്. ഏതെങ്കിലും ഒരു താരത്തിന് ആത്മവിശ്വാസകുറവ് വന്നാല്‍ ആത്മവിശ്വാസം നല്‍കുന്നതിനൊപ്പം അവരുടെ കയ്യിലാണ് കാര്യങ്ങള്‍ എന്ന് ബോധ്യപ്പെടുത്താനായി ഞാന്‍ ശ്രമിക്കും. യഥാര്‍ഥത്തില്‍ വളരെ പ്രയാസകരമായ ഒരു ജോലിയാണിത്. രോഹിത് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :