സച്ചിന്റെ ടെസ്റ്റ് റെക്കോർഡ് തകർക്കാൻ സാധ്യതയുള്ള ഒരേ ഒരു താരം, 10,000 റൺസ് ക്ലബിൽ കടന്ന് ജോ റൂട്ട്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 6 ജൂണ്‍ 2022 (14:00 IST)
ക്രിക്കറ്റിൽ ഒരുകാലത്തും മറികടക്കാൻ സാധ്യതയില്ലെന്ന് കരുതിയിരുന്ന പല റെക്കോഡുകളും തകരുന്നതിന് കാലം സാക്ഷിയാണ്. അപ്പോഴും ചില റിക്കോർഡുകൾ ആർക്കും കീഴടക്കാനാവാത്ത ഉയരത്തിൽ നമ്മളെ നോക്കാറുണ്ട്. ബ്രാഡ്മാന്റെ ബാറ്റിംഗ് ശരാശരി പോലെ തകർക്കപ്പെടാൻ സാധ്യതയില്ലെന്ന് കരുതിയ റെക്കോർഡ് നേട്ടം പലതും സ്വന്തമാക്കിയ താരമാണ് ഇന്ത്യയുടെ ടെണ്ടുൽക്കർ.

സച്ചിന്റെ പല റെക്കോർഡുകളും തകർക്കപ്പെട്ടിട്ടുണ്ടെങ്കിലും ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൻസുകളെന്ന നേട്ടം ഇന്നും പല താരങ്ങൾക്കും സ്വപ്നം മാത്രമാണ്. സജീവ ക്രിക്കറ്റിൽ ഇന്നും കളിക്കുന്ന താരങ്ങളിൽ വിരാട്കോലി, സ്റ്റീവ് സ്മിത്ത് എന്നിവർ ഈ നേട്ടം തകർക്കാൻ കെൽപ്പുള്ളവരാണെങ്കിലും നിലവിലെ പ്രായം,ഫോം എന്നിവ പരിഗണിക്കുമ്പോൾ സച്ചിന്റെ ടെസ്റ്റ് റെക്കോർഡിന് ഭീഷണിയായി മാറുക ഇംഗ്ലണ്ടിന്റെ ജോ റൂട്ട് മാത്രമായിരിക്കും എന്ന് വേണം കരുതാൻ.

വെറും 31 വയസും അഞ്ച് മാസം അഞ്ച് ദിവസം പ്രായവും ഉള്ളപ്പോഴാണ് ടെസ്റ്റിലെ 10,000 റൺസ് ക്ലബ്ബിലേക്ക് ജോ റൂട്ട് പ്രവേശിക്കുന്നത്. തീർത്തും ശരാശരിയായ ഒരു ബാറ്റിംഗ് നിരയുള്ള ഇംഗ്ലണ്ടിനെ ടെസ്റ്റിൽ വേറിട്ട് നിർത്തുന്നത് ജോ റൂട്ടിന്റെ സാന്നിധ്യം ഒന്ന് മാത്രമാണ്. കഴിഞ്ഞ രണ്ട് വർഷമായി കരിയറിലെ സ്വപ്നതുല്യമായ ഫോമിലാണ് റൂട്ട് എന്നതാണ് അദ്ദേഹത്തെ അപകടകാരിയാക്കുന്നത്. 118 ടെസ്റ്റിൽ നിന്നാണ് റൂട്ടിന്റെ 10,000
റൺസ് നേട്ടം. ഇതിൽ 26 സെഞ്ചുറികളും 53 അർധസെഞ്ചുറികളും ഉൾപ്പെടുന്നു. 200 ടെസ്റ്റിൽ നിന്നും 15921 റൺസാണ് സച്ചിൻ നേടിയിട്ടുള്ളത്. ഇതില്‍ 51 സെഞ്ച്വറിയും ആറ് ഇരട്ട സെഞ്ച്വറിയും 68 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

സച്ചിന്റെ റെക്കോർഡ് തകർക്കുക എളുപ്പമല്ലെങ്കിലും 5-6 വർഷക്കാലം സജീവ ക്രിക്കറ്റിൽ തുടരാനായാൽ റൂട്ടിന് റെക്കോർഡ് നേട്ടം മറികടക്കാൻ ഒരുപക്ഷെ സാധിച്ചേക്കും. നിലവിലെ ഫോമും നായകനെന്ന അമിതബാധ്യത ഒഴിഞ്ഞതും റൂട്ടിനെ കൂടുതൽ അപകടകാരിയാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :