'ഈ നോട്ടത്തില്‍ എല്ലാമുണ്ട്'; പകരംവീട്ടി ബുംറ, അതും പലിശ സഹിതം

രേണുക വേണു| Last Modified വ്യാഴം, 13 ജനുവരി 2022 (12:02 IST)

രണ്ടാം ടെസ്റ്റില്‍ തന്നെ നോക്കി പേടിപ്പിക്കാന്‍ ശ്രമിച്ച ദക്ഷിണാഫ്രിക്കന്‍ പേസര്‍ മാര്‍ക്കോ ജാന്‍സണ് പലിശ സഹിതം കൊടുത്ത് ഇന്ത്യന്‍ ബൗളര്‍ ജസ്പ്രീത് ബുംറ. കേപ്ടൗണ്‍ ടെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്നലെ മാര്‍ക്കോ ജാന്‍സണെ ക്ലീന്‍ ബൗള്‍ഡ് ആക്കിയത് ബുംറയാണ്. ജാന്‍സണെ പുറത്താക്കിയ ശേഷമുള്ള ബുംറയുടെ നോട്ടമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ബുംറയുടെ പന്തില്‍ ജാന്‍സണ്‍ ക്ലീന്‍ ബൗള്‍ഡ് ആയത് മാത്രമല്ല ആ സ്റ്റംപ് വായുവില്‍ കറങ്ങി നിലംപൊത്തിയ കാഴ്ചയാണ് ഏറ്റവും മനോഹരം. ബുംറയുടെ മുഖത്ത് പോലും നോക്കാതെയാണ് ജാന്‍സണ്‍ കൂടാരം കയറിയത്.
രണ്ടാം ടെസ്റ്റില്‍ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് നേരത്തെ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ബാറ്റ് ചെയ്യുകയായിരുന്ന ജസ്പ്രീത് ബുംറയുടെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ മാര്‍ക്കോ ജാന്‍സണും ഗ്രൗണ്ടില്‍ ഏറ്റുമുട്ടി. ജസ്പ്രീത് ബുംറയ്ക്ക് തുടര്‍ച്ചയായി മൂന്ന് പന്തുകള്‍ ജാന്‍സണ്‍ ബൗണ്‍സര്‍ എറിഞ്ഞു. മൂന്ന് പന്തുകളും ബുംറയുടെ ശരീരത്തിലാണ് കൊണ്ടത്. ഇത് ഇന്ത്യന്‍ താരത്തെ ചൊടിപ്പിച്ചു. മൂന്നാമത്തെ ബൗണ്‍സര്‍ ദേഹത്ത് കൊണ്ടതും ബുംറ എന്തോ പറഞ്ഞു. ഈ സമയത്ത് ജാന്‍സണ്‍ ബുംറയെ ചൊടിപ്പിക്കുന്ന രീതിയില്‍ പെരുമാറി. ബുംറയെ നോക്കി ദക്ഷിണാഫ്രിക്കന്‍ പേസര്‍ കണ്ണുരുട്ടി. ഇത് ബുംറയേയും ചൊടിപ്പിച്ചു. ബാറ്റുംകൊണ്ട് ബുംറ ജാന്‍സണ് അടുത്തേക്ക് വന്നു. പിച്ചിന്റെ മൈതാനത്ത് വച്ച് ഇരുവരും വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പിന്നീട് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡീന്‍ എല്‍ഗര്‍ അടക്കം എത്തിയാണ് ഇരുവരേയും അനുനയിപ്പിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :