രേണുക വേണു|
Last Modified ചൊവ്വ, 11 ജനുവരി 2022 (20:58 IST)
കേപ്ടൗണ്‍ ടെസ്റ്റിലെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 223 ല്‍ അവസാനിച്ചു. നായകന്‍ വിരാട് കോലിയുടെ പ്രതിരോധക്കോട്ടയാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട റണ്‍സ് സമ്മാനിച്ചത്. 201 പന്തില്‍ 12 ഫോറും ഒരു സിക്‌സും സഹിതം 79 റണ്‍സെടുത്താണ് കോലി പുറത്തായത്.
തുടര്‍ച്ചയായി ഓഫ് സൈഡില്‍ പരാജയപ്പെടുന്ന കോലി ഇത്തവണ അതീവ ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. അര്‍ധ സെഞ്ചുറി നേടാന്‍ കോലി നേരിട്ടത് 158 പന്തുകളാണ്. തന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ അര്‍ധ സെഞ്ചുറികളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്നിങ്‌സ്. നേരത്തെ ഇംഗ്ലണ്ടിനെതിരെ അര്‍ധ സെഞ്ചുറി നേടാന്‍ കോലി 171 പന്തുകള്‍ നേരിട്ടിരുന്നു.
ക്രീസിലെത്തി ആദ്യ 15 പന്തുകളില്‍ കോലി ഒരു റണ്‍സ് പോലും നേടിയില്ല. ഓരോ പന്തുകളും ക്ഷമയോടെ നേരിട്ടു. ഓഫ് സൈഡിലെ പ്രലോഭനങ്ങളെ കോലി വിവേകത്തോടെ തട്ടിമാറ്റുകയായിരുന്നു. വിക്കറ്റ് നഷ്ടപ്പെടാന്‍ സാധ്യതയുള്ള പന്തുകളെ ലീവ് ചെയ്യുന്നതിലും കോലി അസാമാന്യ ക്ഷമയാണ് കേപ്ടൗണില്‍ കാണിച്ചത്.
ഓഫ് സ്റ്റംപിന് പുറത്ത് തുടര്‍ച്ചയായി പന്തെറിഞ്ഞ് കോലിയെ കൊണ്ട് കവര്‍ ഡ്രൈവ് കളിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍. നാലാം സ്റ്റംപിലും അഞ്ചാം സ്റ്റംപിലും തുടര്‍ച്ചയായി പന്തെറിഞ്ഞെങ്കിലും കോലി പാറ പോലെ ക്രീസില്‍ ഉറച്ചുനിന്നു.
സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട ശേഷം റണ്‍സ് ഉയര്‍ത്തുകയായിരുന്നു കോലിയുടെ ലക്ഷ്യം. ആ പ്രയത്‌നങ്ങളെല്ലാം കേപ്ടൗണില്‍ ഫലം കണ്ടു. ഓഫ് സ്റ്റംപിലെ പന്തുകളെ നേരിടാന്‍ പ്രത്യേകം പരിശീലനം നേടിയാണ് കോലി കേപ്ടൗണില്‍ കളിക്കാനിറങ്ങിയത്.