ടെസ്റ്റിൽ രോഹിത് ശർമയ്ക്കിത് നിർണായക പരമ്പര, തോറ്റാൽ ക്യാപ്റ്റൻ സ്ഥാനം തെറിക്കും

അഭിറാം മനോഹർ| Last Modified തിങ്കള്‍, 6 ഫെബ്രുവരി 2023 (14:32 IST)
വിരാട് കോലി നായകനായിരിക്കെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ശക്തിയായി മാറിയിരുന്നു. കഴിഞ്ഞ വർഷത്തെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കാനായില്ലെങ്കിലും ഓസീസിനെതിരെയും ഇംഗ്ലണ്ടിനെതിരെയും ടെസ്റ്റ് പരമ്പരകൾ സ്വന്തമാക്കാൻ ഇന്ത്യയ്ക്കായിരുന്നു. 2013ന് ശേഷം ഐസിസി കിരീടമില്ലാത്ത ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ കിരീടം കൂടി ലക്ഷ്യം വെയ്ക്കുന്നുണ്ട്.ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ ഓസീസിനെതിരായ ടെസ്റ്റ് ഇന്ത്യയ്ക്ക് ഏറെ നിർണായകമാണ്.

അതിനാൽ തന്നെ ബോർഡർ-ഗവാസ്കർ ട്രോഫി ഇന്ത്യയ്ക്ക് നഷ്ടമായാൽ രോഹിത് ശർമയ്ക്ക് പരമ്പരയോടെ ടെസ്റ്റ് ക്യാപ്റ്റൻസി നഷ്ടമാകുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. രോഹിത്തിനുള്ള സന്ദേശം വ്യക്തമാണ്. ഇനിയൊരു ഐസിസി ട്രോഫി തോൽവി കൂടി താങ്ങാനാകില്ല. 2 വർഷത്തിനിടെ 3 ട്രോഫികളാണ് നഷ്ടമായത്. ടെസ്റ്റ് നായകനായി രോഹിത് തുടരുമോ എന്നത് ഈ പരമ്പരയിലെ മത്സരഫലങ്ങളെ ആശ്രയിച്ചിരിക്കും. ബിസിസിഐ ഒഫീഷ്യൽ വ്യക്തമാക്കി. ഈ വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പും രോഹിത്തിന് മുന്നിലുള്ള അഗ്നിപരീക്ഷയാണ്.

ബോർഡർ ഗവാസ്കർ ട്രോഫിൽ 2-0നോ 3-1നോ വിജയിച്ചാൽ മാത്രമെ ഇന്ത്യയ്ക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടാനാകു. അതേസമയം 2004ന് ശേഷം ഓസീസ് ഇന്ത്യയിൽ ടെസ്റ്റ് പരമ്പര വിജയിച്ചിട്ടില്ല എന്നത് ഇന്ത്യയ്ക്ക് അനുകൂലമായ ഘടകമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :