രവിചന്ദ്രന്‍ അശ്വിനെതിരെ ബിസിസിഐ അച്ചടക്ക നടപടി സ്വീകരിച്ചേക്കും !

ഇന്ത്യന്‍ ടീമിനുള്ളില്‍ ഓരോ സ്ഥാനത്തിനുമായും കടുത്ത മത്സരമാണെന്നും സൗഹൃദം എന്ന വാക്ക് ഡ്രസിങ് റൂമില്‍ ഇല്ലെന്നുമാണ് അശ്വിന്‍ പറഞ്ഞത്

രേണുക വേണു| Last Modified ചൊവ്വ, 20 ജൂണ്‍ 2023 (11:47 IST)
ഇന്ത്യന്‍ ടീമിലെ അപസ്വരങ്ങളെ കുറിച്ച് വെളിപ്പെടുത്തിയ രവിചന്ദ്രന്‍ അശ്വിനെതിരെ ബിസിസിഐ അച്ചടക്ക നടപടി സ്വീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ടീമില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടെന്ന് തോന്നുന്ന വിധത്തിലേക്ക് അശ്വിന്റെ പരാമര്‍ശങ്ങള്‍ മാറിയെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. അശ്വിനെ നേരിട്ട് വിളിച്ച് ബിസിസിഐ നേതൃത്വം താക്കീത് ചെയ്‌തേക്കും. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താത്തതില്‍ അശ്വിന് നീരസം ഉണ്ട്. ഇക്കാര്യം ബിസിസിഐയ്ക്കും അറിയാം. എന്തുകൊണ്ട് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല എന്ന് ബിസിസിഐ നേതൃത്വം അശ്വിന് വിശദീകരണം നല്‍കിയേക്കും.

ഇന്ത്യന്‍ ടീമിനുള്ളില്‍ ഓരോ സ്ഥാനത്തിനുമായും കടുത്ത മത്സരമാണെന്നും സൗഹൃദം എന്ന വാക്ക് ഡ്രസിങ് റൂമില്‍ ഇല്ലെന്നുമാണ് അശ്വിന്‍ പറഞ്ഞത്. ' എല്ലാവരും സഹതാരങ്ങളായ ഒരു കാലഘട്ടമാണിത്. ഒരു സമയത്ത് ക്രിക്കറ്റ് കളിക്കുമ്പോഴെല്ലാം സഹതാരങ്ങളെല്ലാവരും തന്നെ സുഹൃത്തുക്കളായിരുന്നു. ഇപ്പോള്‍ അവര്‍ വെറും സഹപ്രവര്‍ത്തകര്‍ മാത്രമാണ്,' അശ്വിന്‍ പറഞ്ഞു.

ഓസ്ട്രേലിയക്കെതിരെ നടന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നിന്നും ഒഴിവാക്കപ്പെട്ടതിന് ശേഷം നടന്ന ഒരു അഭിമുഖത്തിനിടെയാണ് അശ്വിന്‍ ചില കാര്യങ്ങള്‍ തുറന്ന് സംസാരിച്ചത്. പണ്ടത്തെ സാഹചര്യങ്ങളും ഇന്നത്തേതും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. മറ്റൊരാളെ ചവിട്ടിത്താഴ്ത്താനും മുന്നേറാനുമാണ് ഇന്ന് ഓരോരുത്തരും ശ്രമിക്കുന്നത്. അതിനാല്‍ മറ്റുള്ളവരുടെ കാര്യം അന്വേഷിക്കാന്‍ ആര്‍ക്കും സമയമില്ല. അശ്വിന്‍ പറഞ്ഞു.

താരങ്ങള്‍ പരസ്പരം കാര്യങ്ങള്‍ പങ്കുവെയ്ക്കുന്നതാണ് ടീമിന് നല്ലതെങ്കിലും അങ്ങനെയൊന്ന് ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ സംഭവിക്കുന്നില്ല.ഓരോരുത്തരും ഒറ്റയ്ക്കായുള്ള യാത്രയിലാണ്.വാസ്തവത്തില്‍ കാര്യങ്ങള്‍ പരസ്പരം പങ്കുവെച്ചാല്‍ ക്രിക്കറ്റ് കൂടുതല്‍ മെച്ചപ്പെടും മറ്റൊരാളുടെ ടെക്‌നിക്ക് മനസിലാക്കാനായാല്‍ നമ്മള്‍ കൂടുതല്‍ മെച്ചപ്പെടും. പക്ഷേ അതൊന്നും ഇന്ത്യന്‍ ടീമില്‍ സംഭവിക്കുന്നില്ല. അശ്വിന്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :