അശ്രദ്ധയോടെ പുറത്ത് കറങ്ങി നടന്നു; കോലിയും പന്തും അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് ബിസിസിഐയുടെ ശകാരം !

രേണുക വേണു| Last Modified ബുധന്‍, 29 ജൂണ്‍ 2022 (13:26 IST)

ജൂലൈ ഒന്ന് വെള്ളിയാഴ്ച മുതല്‍ തുടങ്ങുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. പക്ഷേ ഇന്ത്യന്‍ ക്യാംപില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല. ഉപനായകന്‍ കെ.എല്‍.രാഹുല്‍ പരുക്കിനെ തുടര്‍ന്ന് നേരത്തെ പുറത്തായിരുന്നു. അതിനു പിന്നാലെയാണ് നായകന്‍ രോഹിത് ശര്‍മയ്ക്ക് പരിശീലന മത്സരത്തിനിടെ കോവിഡ് സ്ഥിരീകരിച്ചത്. രോഹിത്തും ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ കളിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ലണ്ടനിലെത്തിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പുറത്ത് കറങ്ങി നടന്നതില്‍ ബിസിസിഐക്ക് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബയോ ബബിള്‍ നിയന്ത്രണം ഇല്ലെങ്കിലും കോവിഡ് പ്രതിസന്ധിയെ കാര്യമായി കാണണമെന്നും ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും ബിസിസിഐ നിര്‍ദേശം നല്‍കിയിരുന്നു.

കോവിഡ് മാനദണ്ഡങ്ങള്‍ വകവയ്ക്കാതെ പുറത്ത് കറങ്ങി നടന്ന ഏതാനും ഇന്ത്യന്‍ താരങ്ങളെ ബിസിസിഐ രൂക്ഷമായി ശകാരിച്ചു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ചിലര്‍ പൊതു ഇടങ്ങളില്‍ നിയന്ത്രണങ്ങളില്ലാതെ സഞ്ചരിക്കുകയും ആരാധകര്‍ക്കൊപ്പം നിന്ന് സെല്‍ഫികളെടുക്കുകയും ചെയ്തു. ഈ താരങ്ങളെയാണ് ബിസിസിഐ ശകാരിച്ചതെന്ന് എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

' ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യണമെന്ന് ഞങ്ങള്‍ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും അവര്‍ അലസരായി കാര്യങ്ങളെ സമീപിച്ചു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് അവരോട് ആവശ്യപ്പെട്ടിരുന്നു,' ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു. വിരാട് കോലി, റിഷഭ് പന്ത് തുടങ്ങിയ താരങ്ങള്‍ക്കാണ് ബിസിസിഐയുടെ ശകാരം കേട്ടതെന്നാണ് റിപ്പോര്‍ട്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :