അഭിറാം മനോഹർ|
Last Modified ബുധന്‍, 29 ജൂണ്‍ 2022 (12:09 IST)
അയർലൻഡിനെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഇന്ത്യൻ ടി20 ടീമിലേക്കുള്ള പ്രവെശന സാധ്യതകൾ സജീവമാക്കിയിരിക്കുകയാണ് ദീപക് ഹൂഡ. ആദ്യ ടി20 മത്സരത്തിൽ ബാറ്റ് കൊണ്ട് തിളങ്ങിയ താരം രണ്ടാം ടി20 മത്സരത്തിൽ സെഞ്ചുറിയും സ്വന്തമാക്കിയിരുന്നു. ഇതോടെ ഇന്ത്യൻ നായകൻ രോഹിത് ശർമ,ഉപനായകൻ
കെ എൽ രാഹുൽ മുൻ ഓൾ റൗണ്ടർ സുരേഷ്
റെയ്ന എന്നിവരടങ്ങിയ എലൈറ്റ് ക്ലബിൽ ഇടം നേടിയിരിക്കുകയാണ് താരം.
55 പന്തിലായിരുന്നു താരത്തിൻ്റെ സെഞ്ചുറി നേട്ടം. ഇതോടെ രാജ്യാന്തര ടി20യിൽ ഇന്ത്യയ്ക്ക് വേണ്ടി സെഞ്ചുറി നേടുന്ന നാലാമത്തെ മാത്രം താരമായി ഹൂഡ മാറി.ഇന്ത്യൻ നായകൻ രോഹിത് ശർമ,ഉപനായകൻ കെ എൽ രാഹുൽ മുൻ ഓൾ റൗണ്ടർ സുരേഷ് റെയ്ന എന്നിവരാണ് ഇതിന് മുൻപ് ടി20യിൽ സെഞ്ചുറി നേടിയ ഇന്ത്യൻ താരങ്ങൾ. ഇതിൽ രോഹിത് 4 ടി20 സെഞ്ചുറിയും കെ എൽ രാഹുൽ 2 ടി20 സെഞ്ചുറിയും സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം ഓപ്പണറല്ലാതെ കളിച്ച് സെഞ്ച്വറി കണ്ടെത്തിയ രണ്ടാമത്തെ താരമെന്ന നേട്ടത്തിനും ഹൂഡ അവകാശിയായി. നേരത്തെ റെയ്ന മാത്രമെ ഈ നേട്ടം സ്വന്തമാക്കിയിരുന്നുള്ളു. കരിയറിലെ മികച്ച ഫോമിലൂടെ കടന്നുപോകുന്ന
ദീപക് ഹൂഡ ഇക്കഴിഞ്ഞ ഐപിഎല്ലിലും മികച്ച പ്രകടനമായിരുന്നു നടത്തിയത്.