അഭിറാം മനോഹർ|
Last Modified വെള്ളി, 19 ജൂലൈ 2024 (10:04 IST)
ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഏകദിന, ടി20 ടീമുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയുടെ ഭാവി നായകനെന്ന് കരുതപ്പെട്ടിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് 2 ഫോര്‍മാറ്റിലും നായകസ്ഥാനം നഷ്ടമായിരിക്കുകയാണെന്ന് മാത്രമല്ല ടീമിന്റെ ഉപനായകസ്ഥാനവും ഹാര്‍ദ്ദിക്കിന് നഷ്ടമായി. തുടര്‍ച്ചയായി പരിക്കുകള്‍ അലട്ടാത്ത താരമാകണം ഇന്ത്യയുടെ നായകനാകേണ്ടത് എന്ന പരിശീലകന്‍ ഗംഭീറിന്റെ നിലപാടാണ് ഹാര്‍ദ്ദിക്കിന് തിരിച്ചടിയായത്. എന്നാല്‍ ഹാര്‍ദ്ദിക്കിന് പകരം സൂര്യയെ നായകനാക്കുന്നതില്‍ അക്കാര്യം മാത്രമല്ല കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ടി20യിലെ നായകസ്ഥാനത്തെ പറ്റി വലിയ ചര്‍ച്ചയാണ് ബിസിസിഐയും സെലക്ഷന്‍ കമ്മിറ്റിയും പരിശീലകനായ ഗൗതം ഗംഭീറും തമ്മില്‍ നടന്നത്. ഇതില്‍ പ്രധാനമായും ഹാര്‍ദ്ദിക്കിന്റെ ഫിറ്റ്‌നസ് പ്രശ്‌നമായിരുന്നു ഗംഭീര്‍ ഉയര്‍ത്തിയത്. ഇത് കൂടാതെ ബിസിസിഐയ്ക്ക് ലഭിച്ച ഫീഡ് ബാക്കില്‍ താരങ്ങള്‍ക്കിടയില്‍ സൂര്യകുമാര്‍ യാദവ് നായകാകുന്നതില്‍ കൂടുതല്‍ പിന്തുണയെന്ന് വ്യക്തമായിരുന്നു. രോഹിത്തിനെ പോലെ കളിക്കാര്‍ക്കിടയില്‍ വലിയ സൗഹൃദമാണ് സൂര്യയ്ക്കുള്ളത്.
ടീമിനുള്ളില്‍ പ്രധാനമായും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ ഇഷാന്‍ കിഷന്‍ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ച സമയത്ത് സൂര്യകുമാര്‍ നടത്തിയ ഇടപ്പെടല്‍ ബിസിസിഐക്ക് മതിപ്പുണ്ടാക്കി. അന്ന് പര്യടനത്തിനിടയില്‍ നാട്ടിലേക്ക് മടങ്ങരുതെന്ന് ഇഷാനോട് സൂര്യ ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെ കളിക്കാര്‍ക്കിടയിലും സൂര്യകുമാര്‍ നായകനാകുന്നതിനോടാണ് യോജിപ്പെന്ന് വ്യക്തമായതോടെയാണ് നായകസ്ഥാനം സൂര്യയിലേക്കെത്തിയത്. ടി20യിലെ നമ്പര്‍ വണ്‍ താരമാണ് എന്നുള്ളതും സ്ഥിരമായി പരിക്കേല്‍ക്കുന്ന താരമല്ല എന്നതും സൂര്യയ്ക്ക് തുണയായി.