അഭിറാം മനോഹർ|
Last Modified വ്യാഴം, 18 ജൂലൈ 2024 (13:28 IST)
വരാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടി20 ടീമിനെ ആര് നയിക്കണമെന്ന കാര്യത്തില്‍ ബിസിസിഐയ്ക്കും സെലക്ഷന്‍ കമ്മിറ്റിക്കും ഇടയില്‍ തര്‍ക്കം മുറുകുന്നു. കഴിഞ്ഞ ടി20 ലോകകപ്പില്‍ ടീമിന്റെ ഉപനായകനായിരുന്ന ഹാര്‍ദ്ദിക്കിന് ചുമതല നല്‍കാനാണ് ജയ് ഷാ അടക്കമുള്ള ബിസിസിഐയിലെ ഉന്നതര്‍ക്ക് താത്പര്യമുള്ളത്. എന്നാല്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായ അജിത് അഗാര്‍ക്കറും പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിനും ഈ വിഷയത്തില്‍ വേറെ അഭിപ്രായമാണുള്ളത്. ഇതോടെ 2 ചേരികളിലായി ഈ വിഷയത്തില്‍ തര്‍ക്കം മുറുകിയതായാണ് റിപ്പോര്‍ട്ട്.
രോഹിത് ശര്‍മ ടി20 ക്രിക്കറ്റ് നായകസ്ഥാനം ഉപേക്ഷിച്ചതിന് പിന്നാലെ ഗൗതം ഗംഭീര്‍ പുതിയ പരിശീലകനായി സ്ഥാനമേറ്റിരുന്നു. ഇതോടെയാണ് സാഹചര്യങ്ങളില്‍ പെട്ടെന്ന് വ്യത്യാസം വന്നിരിക്കുന്നത്. സൂര്യയുടെ പേര് എടുത്തുപറഞ്ഞിരുന്നില്ലെങ്കിലും പരിക്കുകള്‍ അലട്ടുന്ന ഒരാളെ നായകനാക്കാന്‍ പറ്റില്ലെന്ന നിലപാടാണ് ഗംഭീര്‍ ഉയര്‍ത്തിയത്. നിലവില്‍ ടി20യിലെ ഏറ്റവും മികച്ച താരമെന്നും പരിക്കുകള്‍ അലട്ടാത്ത താരമെന്ന റെക്കോര്‍ഡും സൂര്യയ്ക്ക് പിന്‍ബലം നല്‍കുന്നു. ഇതേ നിലപാട് തന്നെയാണ് സെലക്ഷന്‍ കമ്മിറ്റിക്കുമുള്ളത്.
അതേസമയം നായകനായി ഐപിഎല്ലിലും രാജ്യാന്തര ക്രിക്കറ്റിലും ഹാര്‍ദ്ദിക് പാണ്ഡ്യ മികവ് തെളിയിച്ച താരമാണെന്നും കഴിഞ്ഞ ലോകകപ്പില്‍ രാജ്യത്തിന്റെ ഹീറോയായി മാറാന്‍ ഹാര്‍ദ്ദിക്കിനായെന്നും ഒരു വിഭാഗം വാദിക്കുന്നു. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ പരിക്കേറ്റ ഹാര്‍ദ്ദിക് പാണ്ഡ്യ 6 മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമായിരുന്നു ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയത്. ഇത്തരത്തില്‍ പരിക്കുകള്‍ അലട്ടുന്ന ഒരു താരത്തെ നായകനാക്കരുതെന്ന നിലപാടാണ് അഗാര്‍ക്കറും ഗംഭീറും എടുത്തിരിക്കുന്നത്. ഇന്ന് നടക്കുന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ ഈ വിഷയത്തെ പറ്റിയുള്ള അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.