അഭിറാം മനോഹർ|
Last Modified തിങ്കള്‍, 5 ഡിസംബര്‍ 2022 (15:42 IST)
2023ൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ ടീമിൻ്റെ പ്രധാനവിക്കറ്റ് കീപ്പറായി ബിസിസിഐ പരിഗണിക്കുന്നത് സീനിയർ താരം കെ എൽ രാഹുലിനെയെന്ന് സൂചന. പ്രമുഖ കായിക മാധ്യമമായ ഇൻസൈഡ് സ്പോർട്സാണ് കാരണങ്ങൾ സഹിതം ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കെ എൽ രാഹുലുമായി ബിസിസിഐ മുന്നോട്ട് പോകുകയാണെങ്കിൽ യുവതാരങ്ങളായ സഞ്ജു സാംസൺ,
ഇഷാൻ കിഷൻ എന്നിവർക്ക് ടീമിൽ അവസരം ലഭിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ടീം മാനേജ്മെൻ്റ് പിന്തുണയോടെ രോഹിത് ശർമയ്ക്കൊപ്പം ഓപ്പണറായി ശിഖർ ധവാൻ തുടരും. കെ എൽ രാഹുലിനെ ഒന്നാം കീപ്പറായി പരിഗണിക്കുന്നതോടെ സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, റിഷഭ് പന്ത് എന്നിവര്‍ ബാക്കപ്പ് കീപ്പര്‍മാരായി മാത്രമാകും ടീമിലെത്തുക. ഇതിൽ പന്തിനെയാണ് കെ എൽ രാഹുലിന് പകരമായി ബിസിസിഐ ആദ്യം പരിഗണിക്കുന്നത്.
എല്ലാ ഫോർമാറ്റിലും റിഷഭ് പന്തിനെ കളിപ്പിക്കാനാണ് മാനേജ്മെൻ്റ് താത്പര്യപ്പെടുന്നത്. ബാറ്റ്സ്മാനെന്ന നിലയിൽ തിളങ്ങുന്ന രാഹുൽ കീപ്പറായും കളിക്കുന്നതോടെ താരത്തിന് പരിക്കേൽക്കുകയോ ഫോം നഷ്ടപ്പെടുകയോ ചെയ്താൽ ആ റോളിൽ റിഷഭ് പന്തായിരിക്കും ടീമിലെത്തുക. ഇതോടെ ഇഷാൻ കിഷനും സഞ്ജു സാംസണിനും കാര്യങ്ങൾ കൂടുതൽ പ്രയാസകരമാകും.
ആറാം ബൗളറിന് ടീം മുൻഗണന നൽകുന്നതിനാൽ ബാറ്റർമാരായും സഞ്ജുവിനെയും കിഷനെയും പരിഗണിച്ചേക്കില്ല. ഇതോടെ അടുത്ത ലോകകപ്പ് ടീമിൽ സഞ്ജുവും ഇഷാനും കളിക്കാനുള്ള സാധ്യതകൾ തീർത്തും ചുരുങ്ങുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.