രേണുക വേണു|
Last Modified ശനി, 15 ജൂലൈ 2023 (16:39 IST)
ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചതോടെ ഏകദിന ലോകകപ്പിലേക്ക് ഏതൊക്കെ താരങ്ങളെയാണ് ബിസിസിഐ പരിഗണിക്കുന്നതെന്ന് ഏറെക്കുറെ വ്യക്തമായി കഴിഞ്ഞു. ഏഷ്യന്‍ ഗെയിംസ് ടീമില്‍ ഉള്‍പ്പെട്ടവര്‍ ഏകദിന ലോകകപ്പ് കളിക്കില്ലെന്ന് ഉറപ്പാണ്. അതില്‍ പ്രധാനപ്പെട്ട ഒരാളാണ് ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്. നിലവില്‍ ഇന്ത്യക്ക് ഉപയോഗിക്കാവുന്ന ഏക ഇടംകൈയന്‍ ബൗളറാണ് അര്‍ഷ്ദീപ്. അങ്ങനെയൊരു താരത്തെ ഏഷ്യന്‍ ഗെയിംസിലേക്ക് വിട്ടിട്ട് ഏകദിന ലോകകപ്പില്‍ പകരം ആരെ കളിപ്പിക്കാനാണ് ബിസിസിഐയുടെ ഉദ്ദേശമെന്ന് ആരാധകര്‍ ചോദിക്കുന്നു.
ഏകദിന ലോകകപ്പ് പദ്ധതികളുടെ ഭാഗമല്ലാത്തതിനാലാണ് അര്‍ഷ്ദീപ് സിങ്ങിനെ ഏഷ്യന്‍ ഗെയിംസിലേക്ക് പരിഗണിച്ചത്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ക്കൊപ്പം അര്‍ഷ്ദീപ് സിങ്ങും ഏകദിന ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. അതിനൊത്ത മികവും അര്‍ഷ്ദീപിനുണ്ട്. ഓള്‍ഡ് ബോളിലും ന്യൂ ബോളിലും ഒരുപോലെ മികവ് കാണിക്കാന്‍ കഴിയുന്ന താരമാണ് അര്‍ഷ്ദീപ് സിങ്. ന്യൂ ബോള്‍ സ്വിങ് ചെയ്യിപ്പിക്കുന്നതിലും ഡെത്ത് ഓവറുകളില്‍ യോര്‍ക്കറുകള്‍ കൊണ്ട് ബാറ്റര്‍മാരെ വെള്ളം കുടിപ്പിക്കുന്നതിലും അര്‍ഷ്ദീപിന് പ്രത്യേക കഴിവുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് അര്‍ഷ്ദീപിനെ ലോകകപ്പ് പദ്ധതികളില്‍ ഉള്‍പ്പെടുത്താത്തതെന്നാണ് ആരാധകരുടെ ചോദ്യം.
അതേസമയം ഐപിഎല്ലില്‍ മോശം പ്രകടനം കാഴ്ചവെച്ച ഉമ്രാന്‍ മാലിക്കിനെ ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഉമ്രാന്‍ മാലിക്കിനെ ഏകദിന ലോകകപ്പില്‍ ഉള്‍പ്പെടുത്താനാണോ ബിസിസിഐയുടെ പദ്ധതിയെന്നാണ് ആരാധകരുടെ സംശയം. അങ്ങനെ സംഭവിച്ചാല്‍ അതൊരു മണ്ടന്‍ തീരുമാനമായിരിക്കുമെന്നും വിമര്‍ശനമുണ്ട്. ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചപ്പോഴൊന്നും മികച്ച പ്രകടനം നടത്താന്‍ ഉമ്രാന്‍ മാലിക്കിന് സാധിച്ചിട്ടില്ല.