'അതൊരു ആനമണ്ടത്തരമായിരുന്നു'; കോലിയേയും ശാസ്ത്രിയേയും പരോക്ഷമായി കുത്തി കുംബ്ലെ

2019 ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം നേടാന്‍ യോഗ്യതയുള്ള താരമായിരുന്നു റായിഡുവെന്നും അദ്ദേഹത്തെ ഒഴിവാക്കിയത് മണ്ടത്തരമായിരുന്നെന്നും കുംബ്ലെ പറഞ്ഞു

രേണുക വേണു| Last Modified വ്യാഴം, 1 ജൂണ്‍ 2023 (11:59 IST)

ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് കിരീടം ചൂടിയപ്പോള്‍ നിര്‍ണായക പ്രകടനം നടത്തിയത് ചെന്നൈയുടെ മധ്യനിര ബാറ്റര്‍ അമ്പാട്ടി റായിഡുവാണ്. ഫൈനലിന് പിന്നാലെ നിരവധി പേരാണ് റായിഡുവിന്റെ ഇന്നിങ്‌സിനെ പുകഴ്ത്തി രംഗത്തെത്തിയത്. അതേസമയം ഇന്ത്യന്‍ ടീമില്‍ റായിഡുവിന് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചിട്ടില്ലെന്നും പലരും അഭിപ്രായപ്പെട്ടു. അതില്‍ മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലെയും ഉണ്ട്.

2019 ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം നേടാന്‍ യോഗ്യതയുള്ള താരമായിരുന്നു റായിഡുവെന്നും അദ്ദേഹത്തെ ഒഴിവാക്കിയത് മണ്ടത്തരമായിരുന്നെന്നും കുംബ്ലെ പറഞ്ഞു. 2019 ലോകകപ്പില്‍ രവി ശാസ്ത്രിയായിരുന്നു ഇന്ത്യയുടെ പരിശീലകന്‍. വിരാട് കോലിയായിരുന്നു നായകന്‍. ഇരുവരേയും പരോക്ഷമായി കുത്തിയാണ് കുംബ്ലെയുടെ പരാമര്‍ശം.

' റായിഡു 2019 ലോകകപ്പ് ടീമില്‍ നിര്‍ബന്ധമായും കളിക്കേണ്ടിയിരുന്നു. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. അദ്ദേഹത്തെ ഒഴിവാക്കിയത് ആന മണ്ടത്തരമായിരുന്നു. മധ്യനിരയിലെ റോളിന് വേണ്ടി കുറേ കാലമായി അദ്ദേഹത്തെ ഒരുക്കിയതായിരുന്നു. പക്ഷേ ടീം പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം ഇല്ലായിരുന്നു. അത് ആശ്ചര്യപ്പെടുത്തുന്നതായിരുന്നു,' കുംബ്ലെ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :