രേണുക വേണു|
Last Modified വ്യാഴം, 1 ജൂണ്‍ 2023 (10:52 IST)
Dukes Ball: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് ഡ്യൂക്‌സ് ബോള്‍ ആണ് ഉപയോഗിക്കുകയെന്ന് ഐസിസി വ്യക്തമാക്കി കഴിഞ്ഞു. ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് എട്ടിന്റെ പണി കൊടുക്കാന്‍ സാധ്യതയുള്ളതാണ് ഡ്യൂക്‌സ് പന്ത്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ക്കെല്ലാം ഡ്യൂക്‌സ് പന്തില്‍ കളിച്ച് നല്ല ശീലമുണ്ട്. എന്നാല്‍ ഇന്ത്യക്ക് അങ്ങനെയല്ല. ഫൈനലില്‍ ഓസ്‌ട്രേലിയയ്ക്ക് മേല്‍ക്കൈ നല്‍കുന്നതാണ് ഡ്യൂക്‌സ് പന്തിന്റെ വരവ്.
സാധാരണയായി ഉപയോഗിക്കുന്ന കുക്കബുറ പന്തില്‍ നിന്ന് ഏറെ വ്യത്യാസമുള്ള പന്താണ് ഡ്യൂക്‌സ് പന്ത്. കുക്കബുറ പന്ത് പൂര്‍ണമായി മെഷീനില്‍ ആണ് സ്റ്റിച്ച് ചെയ്തു എടുക്കുന്നതെങ്കില്‍ ഡ്യൂക്‌സ് പന്ത് സ്റ്റിച്ച് ചെയ്യുന്നത് കൈകള്‍ കൊണ്ടാണ്. അതുകൊണ്ട് തന്നെ പന്തിലെ സ്റ്റിച്ച് ചെയ്ത നൂല്‍ കുക്കബുറയിലെ നൂലിനേക്കാള്‍ കുറച്ച് പൊന്തി നില്‍ക്കും. മാത്രമല്ല ഡ്യൂക്‌സ് ബോളിലെ നൂലിന്റെ കട്ടിയും കൂടതലായിരിക്കും. ഡ്യൂക്‌സ് പന്തിലെ സ്റ്റിച്ച് മറ്റ് പന്തുകളിലെ സ്റ്റിച്ചുകളേക്കാള്‍ കൂടുതല്‍ സമയത്തേക്ക് നിലനില്‍ക്കും.
ഡ്യൂക്സ് പന്തുകള്‍ ഉപയോഗിക്കുന്നതിലൂടെ കൂടുതല്‍ സീം ലഭിക്കും. മറ്റ് പന്തുകളെക്കാള്‍ കൂടുതല്‍ സ്വിങ് ലഭിക്കാനും കാരണമാവുന്നു. അതുകൊണ്ട് തന്നെ പേസര്‍മാര്‍ക്ക് ഡ്യൂക്സ് ബോളുകളില്‍ പന്തെറിയാന്‍ വലിയ താല്‍പര്യമുണ്ടാവും. ഇംഗ്ലണ്ടിലെ പിച്ചുകളില്‍ പുല്ലിന്റെ അളവ് കൂടുതലാണ്. ഡ്യൂക്സ് ബോളും പിച്ചിന്റെ ഈ സ്വഭാവവും ചേരുമ്പോള്‍ ബാറ്റ്സ്മാന്‍ പ്രയാസപ്പെടും. വായുവില്‍ പ്രതീക്ഷിച്ച ദിശയിലൂടെ ഡ്യൂക്സ് പന്ത് ചലിപ്പിക്കാനാവും. മറ്റ് പന്തുകളെക്കാള്‍ നല്ല നിയന്ത്രണം ഡ്യൂക്സിനുണ്ട്. എല്ലാ അര്‍ത്ഥത്തിലും ബൗളര്‍മാര്‍ക്ക് കൂടുതല്‍ ഗുണം ചെയ്യുന്നതാണ് ഡ്യൂക്‌സ് പന്ത്. വിരാട് കോലി അടക്കമുള്ള ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് ഡ്യൂക്‌സ് പന്തില്‍ കളിച്ച് അധികം പരിചയമില്ല. ഇത് ഇന്ത്യക്ക് തിരിച്ചടിയായേക്കും.