അഭിറാം മനോഹർ|
Last Modified തിങ്കള്‍, 6 നവംബര്‍ 2023 (19:33 IST)
ഏകദിന ലോകകപ്പില്‍ സ്വപ്നതുല്യമായ പ്രകടനം നടത്തി അപരാജിതമായ കുതിപ്പ് തുടരുകയാണ് ടീം ഇന്ത്യ. എട്ടില്‍ എട്ട് മത്സരങ്ങളും വിജയിച്ച് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ഇപ്പോഴിതാ തകര്‍പ്പന്‍ പ്രകടനവുമായി മുന്നേറുന്ന ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുന്‍ പാക് നായകനായ മിസ്ബാ ഉള്‍ ഹഖ്.
ഇന്ത്യയുടെ ശരിക്കുമുള്ള പരീക്ഷണം ഇനിയാണ് വരുന്നതെന്ന് മിസ് ബാ പറയുന്നു. ഇന്ത്യയുടെ 2003,2015,2019 ലോകകപ്പുകളിലെ പ്രകടനം താരതമ്യം ചെയ്തുകൊണ്ടാണ് മിസ്ബായുടെ താരതമ്യം. 2023 പോലെ 2003ലും ഇന്ത്യ തുടര്‍ച്ചയായി 8 മത്സരങ്ങള്‍ വിജയിച്ചിരുന്നു. 2015ല്‍ ലീഗ് ഘട്ടത്തില്‍ തോല്‍വിയൊന്നും അറിയാതെയായിരുന്നു ഇന്ത്യന്‍ കുതിപ്പ്. 2019ലും സമാനമായിരുന്നു ഇന്ത്യയുടെ അവസ്ഥ. എന്നാല്‍ ഈ ലോകകപ്പുകളിലൊന്നും കിരീടം നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല.
2003ലെ ലോകകപ്പില്‍ ഫൈനലിലും 2015ലും 2019ലും സെമിഫൈനലിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. സുപ്രധാനമായ ഘട്ടത്തില്‍ സമ്മര്‍ദ്ദത്തിന് അടിമപ്പെടുന്നതാണ് ഇന്ത്യയുടെ രീതി. 2023 ലും ഇത് ആവര്‍ത്തിക്കാനാണ് സാധ്യതയെന്നാണ് മിസ്ബാ പറയുന്നു. ദക്ഷിണാഫ്രിക്കയുടെ തോല്‍വിയോട് മറ്റ് ടീമുകള്‍ക്ക് സെമിയിലെത്താന്‍ ഇനിയും ചെറിയ അവസരങ്ങളുണ്ടെന്നും മിസ്ബാ പറയുന്നു.