അഭിറാം മനോഹർ|
Last Modified തിങ്കള്‍, 23 ജനുവരി 2023 (20:19 IST)
ഓസ്ട്രേലിയൻ ആഭ്യന്തര
ടി20 ലീഗായ ബിഗ് ബാഷിൽ തകർപ്പൻ പ്രകടനവുമായി അത്ഭുതപ്പെടുത്തി സിഡ്നി സിക്സേഴ്സ് താരം സ്റ്റീവ് സ്മിത്ത്. ടെസ്റ്റിൽ തകർപ്പൻ പ്രകടനങ്ങളുമായി വിസ്മയിപ്പിച്ചിട്ടുണ്ടെങ്കിലും ടി20യിൽ വെടിക്കെട്ട് പ്രകടനവുമായി ക്രിക്കറ്റ് ആരാധകരെ അത്ഭുതപ്പെടുത്തുകയാണ് സ്മഡ്ജ്. ബിഗ് ബാഷിൽ തുടർച്ചയായ 2 സെഞ്ചുറികൾ കണ്ടെത്തിയ താരം ഹൊബാർട്ട് ഹറിക്കേൻസിനെതിരെ നടന്ന അവസാന മത്സരത്തിൽ 33 പന്തിൽ 66 റൺസാണെടുത്തത്.
ഓപ്പണറായി ഇറങ്ങി രണ്ടാം ഓവറിലെ ആദ്യ പന്ത് നേരിട്ട സ്മിത്ത് ആദ്യ ഓവറിൽ 21 റൺസ് അടിച്ചുകൂട്ടിയാണ് തിളങ്ങിയത്. ഒരു ഘട്ടത്തിൽ ടി20 ക്രിക്കറ്റിൽ തുടർച്ചയായ മൂന്നാം സെഞ്ചുറിയെന്ന നാഴികകല്ല് മറികടക്കുമെന്ന് തോന്നിച്ചെങ്കിലും 66 റൺസിൽ താരം പുറത്തായി. 22 പന്തിലാണ് സ്മിത്ത് അർധസെഞ്ചുറി തികച്ചത്. സ്മിത്തിൻ്റെ വെടിക്കെട്ട് പ്രകടനത്തിൻ്റെ ബലത്തിൽ സിഡ്നി സിക്സേഴ്സ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തു.
ബിഗ് ബാഷിൽ ഈ സീസണിൽ 3 മത്സരങ്ങൾ മാത്രം കളിച്ച സ്മിത്ത് 2 സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും അടക്കം 262 റൺസാണ് അടിച്ചുകൂട്ടിയത്. സ്മിത്ത് മാത്രമാണ് ഈ സീസണീൽ രണ്ട് സെഞ്ചുറി തികച്ച ഒരേയൊരു താരം. അഡലെയ്ഡ് സ്ട്രൈക്കേഴ്സിനെതിരായ ആദ്യ മത്സരത്തിൽ 56 പന്തിൽ 7 സിക്സും 5 ഫോറുമടക്കം 101 റൺസും രണ്ടാം മത്സരത്തിൽ സിഡ്നി തണ്ടേഴ്സിനെതിരെ 56 പന്തിൽ 5 ഫോറും 9 സിക്സുമടക്കം 125* റൺസുമാണ് സ്മിത്ത് നേടിയത്. രണ്ട് കളികളിലും സിക്സ് നേടിയാണ് സ്മിത്ത് സെഞ്ചുറി തികച്ചത്.