ഇവര്‍ക്കിത് ‘കുട്ടിക്കളിയല്ല’; നിലനില്‍പ്പിനായുള്ള പോരാട്ടമാണ്, അടികൂടാന്‍ 12 പേര്‍ - വേറെയുണ്ട് ‘ചെക്കന്മാര്‍’!

 team india , kohli , west indies , dhoni , pant , ലോകകപ്പ് , ധോണി , യുവാക്കള്‍ , ഇന്ത്യന്‍ ടീം , പന്ത്
ഫ്ലോറിഡ| Last Modified ശനി, 3 ഓഗസ്റ്റ് 2019 (18:27 IST)
ധോണിയടക്കമുള്ള വമ്പന്മാര്‍ കളമൊഴിയാന്‍ കാത്തുനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമിലെ
യുവതാരങ്ങളുടെ ഭാവി നിര്‍ണയിക്കുന്നതാകും വെസ്‌റ്റ് ഇന്‍ഡീസ് പര്യടനം. ഋഷഭ് പന്ത് മുതല്‍ നവ്‌ദീപ് സെയ്‌നി വരെയുണ്ട് ഈ നീണ്ട പട്ടികയില്‍.

യുവതാരങ്ങള്‍ക്ക് മികവ് തെളിയിക്കാനുള്ള സുവര്‍ണാവസരമാണ് കരീബിയന്‍ ടൂര്‍ എന്ന് നായകന്‍ വിരാട് കോഹ്‌ലി പറഞ്ഞത് വെറുതെയല്ല. അടുത്തവര്‍ഷം നടക്കുന്ന ട്വന്റി-20 ലോകകപ്പാണ് ലക്ഷ്യം. ഇത് മുന്നില്‍ കണ്ടുള്ള ടീമിനെ അണിയിച്ചൊരുക്കേണ്ടതുണ്ട്.

ഇതിനായി ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും തിളങ്ങിയവര്‍ക്ക് അവസരം നല്‍കാനാണ് മാനേജ്‌മെന്റിന്റെയും ബിസിസിഐയുടെയും തീരുമാനം. ആദ്യ ഘട്ടമെന്ന നിലയില്‍ വിന്‍ഡീസ് പര്യടനം യുവതാരങ്ങള്‍ക്ക് പരീക്ഷണ വേദിയാണ്. ഇവിടുന്നങ്ങോട്ട് തിളങ്ങിയാല്‍ നീലക്കുപ്പായത്തില്‍ ട്വന്റി-20 ലോകകപ്പ് കളിക്കാന്‍ ആവസരം ലഭിച്ചേക്കും.

ഏകദിന ലോകകപ്പ് കൈവിട്ടതിന്റെ മാനക്കേട് കഴുകി കളയാന്‍ ട്വന്റി-20 ലോകകപ്പ് സ്വന്തമാക്കിയേ തീരൂ ഇന്ത്യക്ക്. ഇതിനുള്ള മുന്നൊരുക്കമാണ് യുവതാരങ്ങളിലൂടെ ഇന്ത്യ നടത്തുന്നത്. ധോണിക്ക് പകരം ടീമിലെത്തിയ
പന്തിന് 'തല'യുടെ പിന്‍ഗാമിയായി കഴിവ് തെളിയിക്കാന്‍ ഇതിനേക്കാള്‍ വലിയ ഒരവസരം ഇനി ലഭിച്ചേക്കില്ല.

പന്ത്, കെഎല്‍ രാഹുല്‍, മനീഷ് പാണ്ഡേ, ശ്രേയസ് അയ്യര്‍, രാഹുല്‍ ചഹര്‍, സെയ്‌നി, ഖലീല്‍ അഹമ്മദ്, വാഷിംഗ്ടൺ സുന്ദർ എന്നിങ്ങനെ നീളുകയാണ് ഈ പട്ടിക. വിന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ ഇവര്‍ ഉള്‍പ്പെട്ടപ്പോള്‍ ഇടം ലഭിക്കാത്ത ശുഭ്‌മാന്‍ ഗില്‍, പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, ക്രുണാല്‍ പാണ്ഡ്യ എന്നിവരും മത്സര രംഗത്തുണ്ട്.

ഇവരില്‍ പന്ത്, രാഹുല്‍, മനീഷ് പാണ്ഡേ, ശ്രേയസ് അയ്യര്‍, ശുഭ്‌മാന്‍ ഗില്‍, സെയ്‌നി എന്നിവരെയാണ് ഇന്ത്യ ഭാവിയുടെ സൂപ്പര്‍ താരങ്ങളായി കാണുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് കളിക്കേണ്ട ഇനിയുള്ള ടൂര്‍ണമെന്റുകള്‍ യുവാക്കളുടെ തലവരെ മാറ്റിമറിക്കുമെന്നതില്‍ സംശയമില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :