ധോണിയെ ഏഴം നമ്പറിലിറക്കിയ വിവാദ തീരുമാനം; വെളിപ്പെടുത്തലുമായി ബംഗാര്‍

 sanjay bangar , dhoni , batting coach  , team india , cricket , ധോണി , ന്യൂസിലന്‍ഡ് , സഞ്ജയ് ബംഗാർ , ലോകകപ്പ്
മുംബൈ| Last Modified വെള്ളി, 2 ഓഗസ്റ്റ് 2019 (18:48 IST)
ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് സെമിയില്‍ ധോണിയെ ഏഴാമത് ഇറക്കിയ തീരുമാനം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിക്കുന്ന ധോണിയെ പോലെ ഒരു താരത്തെ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്‌ടപ്പെടുമ്പോള്‍ നേരത്തെ ഇറക്കി ടീമിന്റെ ബാറ്റിംഗ് ലൈനപ്പ് സംരക്ഷിക്കണമെന്നായിരുന്നു വിമര്‍ശകര്‍ വ്യക്തമാക്കിയത്.

ധോണിയുടെ സ്ഥാനത്ത് അഞ്ചാമനായി ദിനേഷ് കാ‍ര്‍ത്തിക്ക് ഇറങ്ങുകയായിരുന്നു. എന്നാല്‍ കിവിസ് ബോളിംഗിനു മുന്നില്‍ താരത്തിന് പിടിച്ചു നില്‍ക്കാനായില്ല. ഇതോടെ,
ധോണിയെ ഏഴാം നമ്പറിൽ ഇറക്കി തോല്‍‌വി ഏറ്റുവാങ്ങിയതിന് കാരണക്കാരന്‍ ബാറ്റിംഗ് പരിശീലകന്‍ ആണെന്ന ആരോപണവും ശക്തമായിരുന്നു.

തനിക്ക് നേരെ ഉണ്ടായ ഈ ഗുരുതരമായ ആരോപണത്തിന് മറുപടി നല്‍കിയിരിക്കുകയാണ് അദ്ദേഹമിപ്പോള്‍. ധോണിയെ ഏഴാമനായി ഇറക്കിയത് താൻ ഒറ്റയ്ക്ക് കൈക്കൊണ്ട തീരുമാനമല്ലെന്നാണ് അദ്ദേഹം തുറന്നടിച്ചത്.

“ഇക്കാര്യത്തില്‍ എല്ലാവരും എന്നെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ അത്ഭുതം തോന്നുന്നു. ധോണിയെ ഏഴാമനാക്കുക എന്നത് കൂട്ടായ തീരുമാനമായിരുന്നു. ഇങ്ങനെയുള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതില്‍ അന്തിമവാക്ക് ഞാനല്ല. സാഹചര്യം അനുസരിച്ചാണ് ബാറ്റിംഗ് ഓര്‍ഡറിലും മധ്യനിരയിലും മാറ്റങ്ങള്‍ വരുത്തുക. അങ്ങനെ ഒരു ധാരണയുണ്ടായിരുന്നു”

“കാർത്തിക്കിനെ അഞ്ചാം നമ്പറിൽ ഇറക്കി വിക്കറ്റ് വീഴ്‌ചയ്‌ക്ക് അറുതി വരുത്താനായിരുന്നു ടീമിന്റെ തീരുമാനം. ധോണി ഫിനിഷർ ജോലി ചെയ്യട്ടെയെന്നും ധാരണയുണ്ടാക്കി. ഇതു ടീമിന്റെ മൊത്തം തീരുമാനമായിരുന്നു. ഇത് കോഹ്‌ലിയും ശാസ്‌ത്രിയും പറഞ്ഞിട്ട്” - എന്നും ബംഗാര്‍ പറഞ്ഞു.

ബിസിസിഐ പുതിയ പരിശീലക സംഘത്തെ തിരഞ്ഞെടുക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴാണ് ബംഗാറിന്റെ ഈ വെളിപ്പെടുത്തല്‍. ലോകകപ്പ് തോല്‍‌വിയോടെ പണി പോകുമെന്ന് ഉറപ്പുള്ള പരിശീലക സംഘത്തിലെ ഒരാളാണ് ബംഗാര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :