കരീബിയന്‍ കോട്ട തകര്‍ക്കാന്‍ കോഹ്‌ലി, കൂടെ രോഹിത്തും; ടീമില്‍ പരീക്ഷണം - ആരൊക്കെ അകത്ത് ?

 florida t20 , team india , virat kohli , rohit sharma , west indies , കോഹ്‌ലി , രോഹിത് , ട്വന്റി - 20 , വെസ്‌റ്റ് ഇന്‍ഡീസ്
ഫ്ലോറിഡ| Last Updated: വെള്ളി, 2 ഓഗസ്റ്റ് 2019 (15:03 IST)
ലോകകപ്പിന് ശേഷമുള്ള ആദ്യ പരമ്പര, കോഹ്‌ലി - രോഹിത് അസ്വാരസ്യം, ധോണിയില്ലാത്ത ടീം. എന്നിങ്ങനെ നീളുന്ന ആശങ്കകള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും ഇടയിലാണ് ടീം ഇന്ത്യ വെസ്‌റ്റ് ഇന്‍ഡീസിനെതിരെ ട്വന്റി-20 പോരിനിറങ്ങുന്നത്.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കു വേദിയാകുന്നത് യുഎസ് ആണെന്ന പ്രത്യേകതയുമുണ്ട്. രണ്ടു മത്സരങ്ങളും നടക്കുന്നത് ഫ്ലോറിഡയിലെ ലോഡർഹിൽ സെൻട്രൽ ബ്രൊവാഡ് സ്‌റ്റേഡിയത്തിലും. നാളെയും മറ്റന്നാളും അമേരിക്കയിലെ ഫ്ലോറിഡ‍യിലും ചൊവ്വാഴ്‌ച ഗയാനയിലുമാണ് ട്വന്റി - 20 മത്സരങ്ങള്‍ നടക്കുക.

2020 ലെ ട്വന്റി- 20 ലോകകപ്പ് ലക്ഷ്യം വെച്ചുള്ള ടീമിനെയാണ് ഇന്ത്യയും വിന്‍ഡീസും ഇറക്കുന്നത്. കരീബിയന്‍ ബാറ്റിംഹ് നിരയെ പിടിച്ചുകെട്ടാന്‍ യുവാക്കളുടെ സംഘത്തെയാണ് ഇന്ത്യ അണിനിരത്തുക. ടെസ്‌റ്റുകളിലും
ഏകദിനങ്ങളിലും വെസ്‌റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തുക ഏറെക്കുറെ എളുപ്പമാണ്. എന്നാല്‍ കുട്ടി ക്രിക്കറ്റില്‍ അങ്ങനെയല്ല.

ലോകമെമ്പാടുമുള്ള വിവിധ ട്വന്റി- 20 ലീഗുകളില്‍ കളിച്ച് തഴക്കംവന്ന താരനിരയാണ് കരിബീയന്‍ പടയിലുള്ളത്. കാനഡയിൽ ഗ്ലോബൽ ട്വന്റി- 20 കളിക്കുന്നതിനാൽ വെടിക്കെട്ടിന്റെ രാജാവായ ക്രിസ് ഗെയ്‌ൽ ഫ്ലോറിഡയിലേക്കില്ല. എന്നാല്‍, ക്യാപ്റ്റൻ കാർലോസ് ബ്രാത്‌വെയ്റ്റിന്റെ നേതൃത്വത്തിൽ യുവതാരങ്ങളും പരിചയസമ്പന്നരുമടങ്ങുന്ന വമ്പന്‍ നിരയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.

ബ്രാത്ത്‌വെയ്റ്റ്, സുനില്‍ നരെയ്ന്‍, കീറൺ പൊള്ളാര്‍ഡ്, നിക്കോളാസ് പൂരന്‍, ആന്ദ്രേ റസല്‍, ഷെൽഡൺ കോട്രല്‍, എവിന്‍ ലൂവിസ്, ഷിമ്രോൺ ഹെറ്റ്മ‍‍യര്‍, ഒഷെയ്ന്‍ തോമസ് എന്നിവരടങ്ങുന്ന വിന്‍ഡീസ് ടീമിന് ആരെയും വിറപ്പിക്കാന്‍ കഴിയും. കോട്രലിന്റെ ആദ്യ ഓവറുകള്‍ മത്സരത്തില്‍ നിര്‍ണായകമാണ്.

മറുവശത്ത് കോഹ്‌ലിപ്പടയില്‍ ആശങ്കയുണ്ട്. ആദ്യ മത്സരത്തിനുള്ള ടീമിൽ ആരെല്ലാം ഉണ്ടാവുമെന്ന് വ്യക്തമല്ല.
നിര്‍ണായകമായ നാലാം നമ്പറില്‍ വീണ്ടും പരീക്ഷണം നടക്കും. പരുക്കിന്റെ പിടിയില്‍ നിന്നും രക്ഷനേടിയ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും ചേര്‍ന്നാകും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. രോഹിത്, ധവാന്‍, കോഹ്‌ലി, രാഹുല്‍, പന്ത് എന്നിവര്‍ ടീമിലുണ്ടാകും.

ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ക്രുണാൽ പാണ്ഡ്യ, ജഡേജ, വാഷിങ്ടൺ സുന്ദർ, രാഹുൽ ചാഹർ, ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ്, ദീപക് ചാഹർ, നവ്‌ദീപ് സെയ്നി എന്നിവരില്‍ ആരെല്ലാം പ്ലെയിംഗ് ഇലവനില്‍ സ്ഥാനം പിടിക്കുമെന്ന് വ്യക്തമല്ല. ടീമിലെ സീനിയർ താരമായ ധോണി രണ്ട് മാസം മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :