ചെന്നൈ|
Last Modified വെള്ളി, 14 ഓഗസ്റ്റ് 2015 (17:06 IST)
ത്രിരാഷ്ട്ര ക്രിക്കറ്റ് കിരീടം
ഇന്ത്യ എ ടീമിന്. ഓസ്ട്രേലിയയെ നാലുവിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ കപ്പുയര്‍ത്തിയത്. ഓസീസ് ഉയര്‍ത്തിയ 226 റണ്‍സ് 43.3 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഗുര്‍കീരത് സിംഗും സഞ്ജു സാംസണും ചേര്‍ന്നാണ് ഇന്ത്യയെ വിജയതീരത്തേക്ക് അടുപ്പിച്ചത്.
ഇന്ത്യന്‍ ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. മായാങ്ക് അഗര്‍വാള്‍ 32 റണ്‍സും ഉന്‍മുക്ത് ചന്ദ് 24 റണ്‍സും നേടി. പിന്നീട് മനീഷ് പാണ്ഡെയും കരുണ്‍ നായരും അക്സര്‍ പട്ടേലും പെട്ടെന്ന് പുറത്തായെങ്കിലും ഗുര്‍കീരത് സിംഗ് ഉത്തരവാദിത്തം സ്വന്തം ചുമലിലേറ്റിയപ്പോല്‍ ഇന്ത്യ ട്രാക്കിലേക്ക് മടങ്ങിയെത്തി.
ഗുര്‍കീരത് സിംഗ് 87 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഗുര്‍കീരത്തിന് മികച്ച പിന്തുണ നല്‍കിക്കൊണ്ട് പുറത്താകാതെ 24 റണ്‍സെടുത്ത് സഞ്ജു സാംസണും മികവുകാട്ടി. ഗുര്‍കീരത് സിംഗാണ് മാന്‍ ഓഫ് ദി മാച്ച്.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് ഉസ്മാന്‍ ഖവാജയും(76) ജോ ബേണ്‍സും(41) മികച്ച തുടക്കമാണ് നല്‍കിയത്. ഓസീസ് സ്കോറില്‍ ട്രാവിസ് ഹെഡ്(20), ഫെര്‍ഗൂസന്‍(21), ആഷ്‌റ്റന്‍ ആഗര്‍(15), ആദം സാമ്പ(15*) എന്നിവര്‍ ശ്രദ്ധേയമായ സംഭാവന നല്‍കി.
ഇന്ത്യന്‍ ബൌളിംഗ് നിരയില്‍ ശര്‍മ മൂന്നുവിക്കറ്റുകളുമായി മുന്നില്‍ നിന്നപ്പോള്‍ അക്സര്‍ പട്ടേലും ഗുര്‍കീരത് സിംഗും രണ്ടുവിക്കറ്റുകള്‍ വീതം വീഴ്ത്തി.