ഏഷ്യാകപ്പ് ട്വന്റി-20: ഇന്ത്യയ്ക്ക് വിജയത്തുടക്കം; ബംഗ്ലാദേശിനെ തോൽപ്പിച്ചത് 45 റൺസിന്

ഏഷ്യാകപ്പ്, ട്വന്റി-20, ബംഗ്ലാദേശ്, ഇന്ത്യ asia cup, twenty twenty, bagladesh, india
ധാക്ക| rahul balan| Last Updated: വ്യാഴം, 25 ഫെബ്രുവരി 2016 (07:55 IST)
ഏഷ്യാകപ്പ് ട്വന്റി-20യിലെ ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരായ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 45 റണ്‍സിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തോല്‍പ്പിച്ചത്.
ഇന്ത്യ ഉയര്‍ത്തിയ 167 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് ഇന്നിങ്ങ്സ് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സില്‍ അവസാനിച്ചു.
44 റണ്‍സെടുത്ത ഷാബിര്‍ റഹ്മാന്‍ മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു. രോഹിത് ശര്‍മ്മ നേടിയ 83 റണ്‍സാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. 55 പന്തില്‍ ഏഴു ബൗണ്ടറിയും മൂന്നു സിക്‌സറും ഉള്‍പ്പെടുന്നതാണ് രോഹിത്തിന്റെ ഇന്നിങ്ങ്സ്. രണ്ടാം ഓവറിലും അഞ്ചാം ഓവറിലുമായി ശിഖര്‍ ധവാനെയും വിരാട് കോഹ്‌ലിയെയും നഷ്ടപ്പെട്ട ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത് രോഹിത്ത് ശര്‍മ്മയുടെ ഇന്നിംഗ്‌സാണ്. അവസാന ഓവറുകളില്‍ രോഹിതിനൊപ്പം അടിച്ചുതകര്‍ത്ത ഹര്‍ദിക് പാണ്ഡ്യ 16 പന്തില്‍ 31 റണ്‍സോടെ പുറത്താകാതെ നിന്നു. 15 റണ്‍സെടുത്ത യുവരാജ് അന്താരാഷ്ട്ര ട്വന്റി 20ല്‍ 1000 റണ്‍സ് തികച്ചതിനും മിര്‍പൂര്‍ ഷെരീ ബംഗ്ലാ ദേശീയ സ്റ്റേഡിയം വേദിയായി.

ഇന്ത്യ ഉയര്‍ത്തിയ 167 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയരായ ബംഗ്ലദേശിന് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. നാല് ഓവറില്‍ 23 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ നെഹ്‌റയാണ് ബംഗ്ലദേശിനെ തകര്‍ത്തത്. സാബിര്‍ റഹ്മാന്‍
32 പന്തില്‍ 44 റണ്‍സ് നേടി. മൂന്നു പന്തില്‍ ഒരു റണ്ണെടുത്ത ഓപ്പണര്‍ മുഹമ്മദ് മിഥുന്‍ (14 പന്തില്‍ 11), സൗമ്യ സര്‍ക്കാര്‍ (23 പന്തില്‍ 14), ഇംറുള്‍ കയിസ് (24 പന്തില്‍ 14), ഷാക്കിബ് അല്‍ഹസന്‍ (എട്ടു പന്തില്‍ മൂന്ന്), മഹ്മൂദുല്ല (ഏഴു പന്തില്‍ എട്ട്), മഷ്‌റഫെ മൊര്‍ത്താസ (ഒരു പന്തില്‍ പൂജ്യം) എന്നിവരാണ് ബംഗ്ലാദേശ് നിരയില്‍ പുറത്തായത്. ഇന്ത്യയ്ക്കായി നെഹ്‌റ മൂന്നും ബുംമ്ര, അശ്വിന്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ഷാക്കിബ് അല്‍ഹസന്‍ റണ്ണൗട്ടായി. മുഷ്ഫിഖുര്‍ റഹിം 17 പന്തില്‍ 16 റണ്‍സോടെയും തസ്‌കിന്‍ അഹമ്മദ് 15 പന്തില്‍ 15 റണ്‍സോടെയും പുറത്താകാതെ നിന്നു.

രോഹിത്ത് ശര്‍മയാണ് മാന്‍ ഓഫ് ദ മാച്ച്. പാകിസ്ഥാനെതിരെ ശനിയാഴ്ചയാണ് ഇന്ത്യയുടെ അടുത്ത മത്സരം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :