കും‌ബ്ലെയെന്ന സൌമ്യ പോരാളി

PTI
വളരെ കൃത്യമായിരിക്കും ഒരു എന്‍‌ജീനിയറുടെ കണക്കു കൂട്ടലുകള്‍. ഒരു പക്ഷെ എ‌ന്‍‌ജീനിയറിംഗ് പഠന കാലത്ത് സിദ്ധിച്ച ഈ കൃത്യത കാത്തു സൂക്ഷിക്കുന്നതു കൊണ്ടാകും അനില്‍ കുംബ്ലെയെന്ന കര്‍ണ്ണാടക്കാ‍രന്‍ തന്‍റെ ബൌളിങ്ങില്‍ ഇപ്പോഴും മികവ് പുലര്‍ത്തുന്നത്.

നിശബ്‌ദ പോരാളിയാണ് ദ്രാവിഡ്. അദ്ദേഹത്തില്‍ നിന്ന് ഇന്ത്യയുടെ ടെസ്റ്റ് നായകസ്ഥാനം സൌമ്യനായ മറ്റൊരു താരമായ കുംബ്ലെക്ക് ലഭിച്ചത് വിധി വൈരുദ്ധ്യമായിരിക്കാം. ഇന്ത്യക്കു വേണ്ടി ടെസ്റ്റുകളിലും എകദിനങ്ങളിലും ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ കുംബ്ലെ അത് അര്‍ഹിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ മൊത്തം 560 വിക്കറ്റുകളും ഏകദിനത്തില്‍ 330 വിക്കറ്റും കുംബ്ലെ നേടിയിട്ടുണ്ട്.

ഷെയ്‌ന്‍‌വോണ്‍, മുരളീധരന്‍ തുടങ്ങിയവര്‍ ബോള്‍ തിരിക്കുന്നതു പോലെ തിരിക്കാനൊന്നും കുംബ്ലെക്ക് കഴിഞ്ഞില്ലെന്ന് വരാം. പക്ഷെ ഇപ്പോഴും അതിശയകരമായ ലൈനും ലെംഗ്തും കുംബ്ലെ കാത്തു സൂക്ഷിക്കുന്നു. ഇത് ഒന്നുകൊണ്ടു മാത്രമാണ് ഒരു ടെസ്റ്റ് ഇന്നിംഗ്സില്‍ 10 വിക്കറ്റുകള്‍ നേടുന്ന താരമെന്ന ബഹുമതി ഇംഗ്ലണ്ടിലെ ജിം‌ലാക്കറിനു ശേഷം കുംബ്ലെ നേടിയത്.

ലോകത്തില്‍ പത്ത് വിക്കറ്റ് നേട്ടം കൈവരിച്ച രണ്ടേ രണ്ടു കളിക്കാരേ ഉള്ളൂ, ലാക്കറും കുംബ്ലെയും. ഫ്ലിപ്പറുകളാണ് കുംബ്ലെയുടെ അക്രമണത്തിന്‍റെ മറ്റൊരു കുന്തമുന. തുടക്കത്തില്‍ മീഡിയം പേസറായ ക്രിക്കറ്റ് ജീവിതം ആരംഭിച്ച കുംബ്ലെ പിന്നീട് സ്‌പിന്നിലേക്ക് തിരിയുകയായിരുന്നു.

ശ്രീലങ്കക്ക് എതിരെ 1990 ഏപ്രില്‍ 25 നാണ് കുംബ്ലെ ഏകദിനത്തില്‍ അരങ്ങേറിയത്. ടെസ്റ്റില്‍ 1992 ല്‍ ദക്ഷിണാഫ്രിക്കക്ക് എതിരെയും. വെറും 10 ടെസ്റ്റുകളില്‍ നിന്നാണ് കുംബ്ലെ ആദ്യത്തെ 50 വിക്കറ്റുകള്‍ നേടിയത്.

ഒരു കാര്യം ഉറപ്പാണ് പാകിസ്ഥാനല്ല ഓസ്‌ട്രേലിയ. അടിമുടി പ്രൊഫഷണലുകളാണ് അവര്‍. എങ്കിലും കുംബ്ലേ അവര്‍ക്കു മുന്നിലും മങ്ങിയിട്ടില്ല. ചെന്നൈയിലെ ചെപ്പോക്കില്‍ 2004-2005 വര്‍ഷത്തില്‍ ഓസ്‌ട്രേലിയക്ക് എതിരെ നടന്ന ടെസ്റ്റ് മത്സരത്തില്‍ രണ്ട് ഇന്നിങ്ങിസിലും കൂടി കുംബ്ലെ 13 വിക്കറ്റുകള്‍ നേടിയിരുന്നു.

ചെപ്പോക്കിലേതായിരുന്നു ഓസ്‌ട്രേലിയക്ക് എതിരെ കുംബ്ലെയുടെ മികച്ച പ്രകടനം. അന്ന് പക്ഷെ കുംബ്ലെക്ക് കളിക്കാരനെന്ന ഉത്തരവാദിത്വം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

എന്നാല്‍, ഇന്ന് സ്ഥിരതമായി വിജയം ശീലമാക്കാത്ത വിദേശപിച്ചുകളില്‍ പലപ്പോഴും കളി മറന്നു പോവുന്ന ടീമിനെ നയിക്കുകയെന്ന ഉത്തരവാദിത്വം കൂടി കുംബ്ലെ നിര്‍വഹിക്കേണ്ടതുണ്ട്. അതിനാല്‍ കുംബ്ലെയെ സംബന്ധിച്ച് ഇരട്ടി ഉത്തരവാദിത്വമാണ് ചുമക്കേണ്ടത്.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :