പരീക്ഷണം വിജയം ഒടുവില്‍ ഇന്ത്യ കഴിവു തെളിയിച്ചു; ഭാജി തകര്‍ത്തു

കൊളംബോ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
സെവാഗിനേയും സഹീറിനേയും അശ്വിനേയും പുറത്തിരുത്തി അഞ്ചുബൗളര്‍മാരുമായി ഇറങ്ങിയ ധോണിയുടെ പരീക്ഷണം വിജയിച്ചപ്പോള്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്ക്‌ തകര്‍പ്പന്‍ ജയം. മടങ്ങിവരവ്‌ ഹര്‍ഭജന്‍ സിംഗും പീയുഷ്‌ ചൗളയും ആഘോഷമാക്കി. ഹര്‍ഭജന്‍സിംഗ്‌ നാലോവറില്‍ 12 റണ്‍സ്‌ വിട്ടുകൊടുത്ത്‌ നാല്‌ വിക്കറ്റുകളാണ് പിഴുതത്. ഇരുവരുടേയും ബൗളിംഗിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ വന്നതോടെ ഇംഗ്ലണ്ട്‌ 90 റണ്‍സിന്‌ കീഴടങ്ങി.

ഇന്ത്യ മുന്നോട്ടുവച്ച 171 റണ്‍സ്‌ എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട്‌ 80 റണ്‍സിന്‌ ഓള്‍ ഔട്ടായി. ഇംഗ്ലീഷ്‌ നിരയില്‍ 35 റണ്‍സെടുത്ത ഓപ്പണര്‍ കീസ്‌വെറ്റര്‍ക്കു മാത്രമാണു പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത്‌. പീയുഷ്‌ ചൗള നാലോവറില്‍ 13 റണ്‍സ്‌ വിട്ടുകൊടുത്ത്‌ രണ്ടുവിക്കറ്റ്‌ വീഴ്‌ത്തി. പതിനൊന്ന്‌ റണ്‍സെടുത്ത ജോസ്‌ ബട്ട്‌ലര്‍, ഡെന്‍ബാച്ച്‌(12) എന്നിവരാണ്‌ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യയുടെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നാണിത്‌.

ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ രോഹിത്‌ ശര്‍മ(55), ഗംഭീര്‍(45), കോഹ്ലി (40) എന്നിവരുടെ ബാറ്റിംഗ്‌ മികവില്‍ നാലുവിക്കറ്റ്‌ നഷ്‌ടത്തില്‍ 170 റണ്‍സെടുത്തു. അഞ്ചു ബൗളര്‍മാരുമായാണ്‌ ഇന്ത്യ കളത്തിലിറങ്ങിയത്‌. ബൗളര്‍ ആര്‍. അശ്വിന്‍, പേസര്‍ സഹീര്‍ ഖാന്‍, ഓപ്പണര്‍ വീരേന്ദ്ര സെവാഗ്‌ എന്നിവരെ പുറത്തിരുത്തി, പകരം ഹര്‍ഭജന്‍സിംഗ്‌, അശോക്‌ ദിന്‍ഡ, പീയുഷ്‌ ചൗള എന്നിവര്‍ കളത്തിലിറങ്ങി.

ഗംഭീറിനൊപ്പം ഓപ്പണിംഗിന്‌ ഇറങ്ങിയത്‌ ഇര്‍ഫാന്‍ പഠാനായിരുന്നു. പഠാനെതിരെ ഓരോ പന്തിലും ഇംഗ്ലീഷ്‌ ബൗളര്‍മാര്‍ അപ്പീല്‍ ചെയ്‌തതോടെ ഇന്ത്യ പരുങ്ങി. എന്നാല്‍ മറുവശത്ത്‌ ഗംഭീര്‍ ഫോമിലായിരുന്നു. 2.4 ഓവറില്‍ സ്‌കോര്‍ 24 നില്‍ക്കെ ഇന്ത്യയുടെ ആദ്യ വിക്കറ്റ്‌ നഷ്‌ടമായി. എട്ടു പന്തില്‍ എട്ടുറണ്‍സെടുത്ത പഠാനെ സ്‌റ്റീവന്‍ ഫിന്‍ ബൗള്‍ഡാക്കി. പിന്നീടുവന്ന കോഹ്ലി നല്ല ഫോമിലായിരുന്നു. കോഹ്ലിയും ഗംഭീറും ചേര്‍ന്ന കൂട്ടുകെട്ട്‌ സ്‌കോര്‍ 81 വരെ എത്തിച്ചു. 32 പന്തില്‍ 40 റണ്‍സെടുത്ത കോഹ്ലി ഗ്രെയിംസ്വാനിന്റെ പന്തില്‍ ബെയര്‍സ്‌റ്റോ പിടിച്ചു പുറത്താകുമ്പോള്‍ ആറു ഫോറുകള്‍ നേടി.

സ്‌കോര്‍ 119 ല്‍ നില്‍ക്കെ 45 റണ്‍സെടുത്ത ഗംഭീര്‍ കീസ്‌വെറ്ററിനു പിടികൊടുത്തു മടങ്ങി. പിന്നീട്‌ രോഹിത്‌ ശര്‍മയുടെ ബാറ്റിംഗാണ്‌ ഇന്ത്യയെ മികച്ച സ്‌കോറിലേക്കു നയിച്ചത്‌. വെറും 33 പന്തില്‍നിന്നായിരുന്നു രോഹിത്‌ ശര്‍മയുടെ 55 റണ്‍സ്‌. ഒരു സിക്‌സും അഞ്ചുഫോറും അടങ്ങിയതായിരുന്നു രോഹിതിന്റെ ഇന്നിംഗ്‌സ്. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ ഏക സിക്‌സ് രോഹിത്‌ ശര്‍മയുടെ വകയായിരുന്നു. ധോണി (9) റെയ്‌ന പുറത്താകാതെ ഒന്ന്‌ എന്നിങ്ങനെയാണു മറ്റുബാറ്റ്‌സ്മാന്‍മാരുടെ സ്കോറുകള്‍‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :