കോഹ്‌ലിക്ക് മിന്നുന്ന സെഞ്ച്വറി, ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം!
ജയ്പൂര്‍|
WEBDUNIA|
PTI
ജയ്പൂര്‍ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ 359 എന്ന പടുകൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന് ഇന്ത്യ ഒമ്പത് വിക്കറ്റിന്‍റെ വിജയമാണ് പിടിച്ചെടുത്തത്. 40 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ഇന്ത്യ 362 റണ്‍സ് അടിച്ചുകൂട്ടിയത്. വിരാട് കോഹ്‌ലി റെക്കോര്‍ഡ് വേഗത്തില്‍ നേടിയ സെഞ്ച്വറിയും രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ച്വറിയും ശിഖര്‍ ധവാന്‍റെ മികച്ച ഇന്നിംഗ്സുമാണ് ഇന്ത്യയുടെ ഉജ്ജ്വലവിജയത്തിന്‍റെ അടിത്തറ.
52 പന്തുകളില്‍ നിന്നാണ് വിരാട് കോഹ്‌ലി പുറത്താകാതെ 100 റണ്‍സ് അടിച്ചുകൂട്ടിയത്. ഇത് ഒരു ഇന്ത്യക്കാരന്‍ നേടുന്ന ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണ്. ന്യൂസിലന്‍ഡിനെതിരെ 60 പന്തുകളില്‍ വീരേന്ദര്‍ സേവാഗ് നേടിയ സെഞ്ച്വറിയുടെ റെക്കോര്‍ഡാണ് വിരാട് കോഹ്‌ലി പഴങ്കഥയാക്കിയത്.
കോഹ്‌ലിയുടെ സ്ഫോടനാത്മക ബാറ്റിംഗിനൊപ്പം 123 പന്തില്‍ 141 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ ബാറ്റിംഗും ഈ വിജയത്തിന് തിളക്കമേറ്റുന്നു. 95 റണ്‍സെടുത്ത ശിഖര്‍ ധവാനും ഇന്ത്യയുടെ വിജയക്കുതിപ്പിന് മികച്ച സംഭാവന നല്‍കി.
ഏകദിന ചരിത്രത്തില്‍ ഒരു ടീം മറികടക്കുന്ന രണ്ടാമത്തെ ഉയര്‍ന്ന സ്കോറാണ് ഇത്. 300 റണ്‍സിന് മേല്‍ ഇന്ത്യ പിന്തുടര്‍ന്ന് നേടുന്ന ഏറ്റവും വലിയ വിജയവും ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ പിന്തുടര്‍ന്ന് നേടുന്ന ഏറ്റവും വലിയ വിജയവുമാണ് ഇത്.
ഏഴ് മത്സരങ്ങളുള്ള പരമ്പരയില്‍ 1-1 എന്ന നിലയില്‍ ഇരു രാജ്യങ്ങളും തുല്യത പാലിക്കുകയാണ് ഇപ്പോള്‍.