ആഷസ് പരമ്പരയില്‍ ഓസ്ട്രേലിയ കിടിലന്‍ ജയം

സിഡ്‌നി| WEBDUNIA|
PRO
PRO
ആഷസ് പരമ്പരയില്‍ കിടിലന്‍ ജയം. അഞ്ചാം ടെസ്റ്റില്‍ 281 റണ്‍സിനാണ് ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കിയത്. കഴിഞ്ഞ മൂന്ന് തവണയും കിരീടം കൈവശം വെച്ച ഇംഗ്ലണ്ട് ടീം ഒരു തവണപോലും വിജയിക്കാതെയാണ് പരാജയം ഏറ്റുവാങ്ങിയത്.

ചരിത്രത്തില്‍ മൂന്നാം തവണയും ആഷസില്‍ വൈറ്റ് വാഷ് എന്ന നാണക്കേട് പേറിയാണ് ഇംഗ്ലണ്ട് നാട്ടിലേക്ക് മടങ്ങുന്നത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ റയാന്‍ ഹാരിസാണ് രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത്. മൂന്നു വിക്കറ്റ് വീഴ്ത്തി മിച്ചല്‍ ജോണ്‍സണ്‍ തന്റെ ഉജ്ജ്വല ഫോം ആവര്‍ത്തിച്ചു.

കഴിഞ്ഞ നാല് ടെസ്റ്റുകളിലും ഓസ്‌ട്രേലിയയോട് തോറ്റ ഇംഗ്ലണ്ടിന് അഞ്ചാം ടെസ്റ്റിലും പൊരുതാന്‍ പോലുമായില്ല. ബാറ്റ്‌സ്മാന്മാരുടെ മോശം പ്രകടനമാണ് പരമ്പരയിലുടനീളം ഇംഗ്ലണ്ടിന് തിരിച്ചടിയായത്. പരമ്പരയില്‍ ഇംഗ്ലീഷ് താരത്തിന്റെ പേരില്‍ കുറിക്കപ്പെട്ട ഒരേയൊരു സെഞ്ച്വറിയും സ്റ്റോക്‌സിന്റെ പേരിലാണ്. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സ് 166 റണ്‍സിന് അവസാനിച്ചു. 447 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ടീമാണ് 166 ല്‍ ഒതുങ്ങിയത്.

ആദ്യ ഇന്നിങ്‌സില്‍ 155 റണ്‍സ് നേടിയ ടീമിന് രണ്ടാം ഇന്നിങ്‌സില്‍ 11 റണ്‍സ് അധികം നേടാനായി എന്ന് മാത്രം. നേരത്തെ 171 റണ്‍സിന്റെ ലീഡുമായി രണ്ടാം വട്ട ബാറ്റിങ്ങിനിറങ്ങിയ ആതിഥേയരായ ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സില്‍ 276 റണ്‍സിന് പുറത്തായി. മൊത്തം ലീഡ് 446 റണ്‍സ്. ഓപ്പണര്‍ ക്രിസ് റോജേഴ്‌സ് നേടിയ ഉജ്ജ്വല സെഞ്ച്വറി(119)യാണ് അവരെ സുരക്ഷിത സ്ഥിതിയിലെത്തിച്ചത്.

2006-ല്‍ ഇംഗ്ലണ്ടിനെ 5-0ന് തോല്പിച്ച ശേഷം ഓസീസിന് ആഷസില്‍ ശ്രദ്ധേയമായ നേട്ടങ്ങളൊന്നുമുണ്ടാക്കാനായിട്ടില്ല. അവിടെനിന്നാണ് എട്ട് വര്‍ഷത്തിന് ശേഷം വീണ്ടുമൊരു വൈറ്റ് വാഷിലൂടെ ഓസ്ട്രേലിയ ശക്തമായി തിരിച്ചുവന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :