അക്മല്‍ സഹോദരര്‍ക്കെതിരെ അന്വേഷണം തുടങ്ങി

കറാച്ചി| WEBDUNIA|
PRO
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മലിനെ അന്തിമ ഇലവനില്‍ നിന്നൊഴിവാക്കാതിരിക്കാനായി സഹോദരനും മധ്യനിര ബാറ്റ്സ്മാനുമായ ഉമര്‍ അക്മല്‍ പരുക്ക് അഭിനയിച്ചുവെന്ന ആരോപണത്തില്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് അന്വേഷണം ആരഭിച്ചു.

ഇരുവരുടെയും നിരുത്തരവാദപരമായ പെരുമാറ്റത്തിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ആരോപണങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞാല്‍ ഇരുവരും ഓസ്ട്രേലിയയില്‍ നിന്ന് തിരിച്ചെത്തിയാലുടന്‍ നടപടിയെടുക്കുമെന്നും പി സി ബി ചെയര്‍മാന്‍ ഇജാസ് ബട്ട് പറഞ്ഞു. ഓസ്ട്രേലിയക്കെതിരെ പാകിസ്ഥാന്‍ ടീമിന്‍റെ മോശം പ്രകടനത്തെ ബോര്‍ഡ് വിലയിരുത്തുമെന്നും ഇതിനുശേഷം ഭാവി തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും ബട്ട് വ്യക്തമാ‍ക്കി.

പാകിസ്ഥാന്‍ 36 റണ്‍സിന് തോറ്റ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസിന് ജയിക്കാവുന്ന ലീഡ് നല്‍കിയ മൈക് ഹസിയുടെ മൂന്ന് ക്യാച്ച് അടക്കം നാലു ക്യാച്ചുകള്‍ കമ്രാന്‍ അക്മല്‍ നിലത്തിട്ടിരുന്നു. മത്സരത്തില്‍ പുറാത്താ‍കാതെ 132 റണ്‍സെടുത്ത ഹസി ഓസീസിന് വിജയത്തിനാവശ്യമായ ലീഡ് നല്‍കുകയും ചെയ്തു. ഇതിനെതുടര്‍ന്ന് കമ്രാനെ പുറത്താക്കണമെന്ന് സീനിയര്‍ താരങ്ങളടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ എന്തുവന്നാലും താന്‍ മൂന്നാം ടെസ്റ്റില്‍ കളിക്കുമെന്ന് കമ്രാന്‍ മാധ്യമങ്ങളോട് വ്യക്തമാക്കുകയും കമ്രാനെ ടീമില്‍ നിലനിര്‍ത്താനായി സഹോദരനും മധ്യനിര ബാറ്റ്‌സ്മാനുമായ ഉമര്‍ അക്മല്‍ പരുക്ക് അഭിനയിച്ചുവെന്ന് ഓസീസ് മാധ്യമങ്ങള്‍ ആരോപിക്കുകയും ചെയ്തതോടെ സംഭവം വിവാദമാകുകയായിരുന്നു. ഒടുവില്‍ മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ നിന്ന് കമ്രാനെ ഒഴിവാക്കുകയും സര്‍ഫറാസ് അഹമ്മദിനെ സെലക്ടര്‍മാര്‍ കീപ്പറായി നിയോഗിക്കുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :