കളിക്കാരുടെ ലേലത്തുക പ്രസിദ്ധീകരിച്ചു

മുംബൈ| WEBDUNIA|
PTI
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാരുടെ ലേലത്തിനുള്ള ക്രിക്കറ്റ് താരങ്ങളുടെ പട്ടികയും അടിസ്ഥാന ലേലത്തുകകളും പ്രസിദ്ധീകരിച്ചു. പത്ത് രാജ്യങ്ങളില്‍ നിന്നുള്ള 233 കളിക്കാരുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. അടുത്തമാസം 12, 13 തീയതികളില്‍ ബാംഗ്ലൂരിലാണ് താരലേലം.

ഉയര്‍ന്ന അടിസ്ഥാനവിലയായ രണ്ടുകോടി രൂപ വിലയിട്ടതില്‍ പതിനൊന്ന് ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടെ 31 താരങ്ങള്‍ പട്ടികയിലുണ്ട്. വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, ദിനേഷ് കാര്‍ത്തിക്, പ്രവീണ്‍ കുമാര്‍, അമിത് മിശ്ര, ആശിഷ് നെഹ്ര, പ്രഗ്യാന്‍ ഓജ, യൂസഫ് പഠാന്‍, മനോജ് തിവാരി, റോബിന്‍ ഉത്തപ്പ, മുരളി വിജയ് എന്നിവരാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

രണ്ട് കോടി അടിസ്ഥാന വിലയിട്ട വിദേശതാരങ്ങളില്‍ ഓസ്‌ട്രേലിയക്കാരാണ് അധികവും. ജോര്‍ജ് ബെയ്‌ലി, ബ്രാഡ് ഹോഗ്, മിച്ചല്‍ ജോണ്‍സന്‍, മൈക്ക് ഹസ്സി, ബ്രെറ്റ് ലീ, ഷോണ്‍ മാര്‍ഷ്, സ്റ്റീവന്‍ സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരെല്ലാം പട്ടികയിലുണ്ട്.

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗംകൂടിയ സെഞ്ച്വറി നേടി ലോക റെക്കോഡ് സൃഷ്ടിച്ച കിവീസ് ഓള്‍റൗണ്ടര്‍ കോറി ആന്‍ഡേഴ്‌സന് അടിസ്ഥാന വിലയിട്ടിരിക്കുന്നത് ഒരു കോടി രൂപയാണ്. പക്ഷേ, മികച്ച ഫോമിലുള്ള ആന്‍ഡേഴ്‌സനുവേണ്ടി വിവിധ ടീമുകള്‍ തമ്മില്‍ മത്സരം മുറുകുമ്പോള്‍ വില കുതിച്ചുയരാന്‍ സാധ്യതയുണ്ട്.

ന്യൂസീലന്‍ഡില്‍ നിന്ന് ബ്രണ്ടന്‍ മെക്കല്ലം, റോസ് ടെയ്‌ലര്‍, സമിത് പട്ടേല്‍ എന്നിവരും രണ്ട് കോടിയുടെ ലിസ്റ്റിലുണ്ട്. ശ്രീലങ്കന്‍ താരങ്ങളായ തിലകരത്‌നെ ദില്‍ഷന്‍, മഹേല ജയവര്‍ധനെ, ആഞ്ജലോ മാത്യൂസ്, സമീപകാലത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്വസ് കാലിസ്, വെസ്റ്റിന്‍ഡീസിന്റെ മര്‍ലോണ്‍ സാമുവല്‍സ് ഇംഗ്ലീഷ് താരം കെവിന്‍ പീറ്റേഴ്‌സന്‍ എന്നിവര്‍ക്കും ഉയര്‍ന്നതുക ലഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :