തമ്മിൽ ഭേദം തൊമ്മൻ, ബെറ്റർ പന്ത് തന്നെ; സഞ്ജുവിന് ചീത്തവിളി

ചിപ്പി പീലിപ്പോസ്| Last Modified തിങ്കള്‍, 3 ഫെബ്രുവരി 2020 (11:23 IST)
ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ തുടർച്ചയായി 2 മത്സരം കളിക്കാൻ അവസരം ലഭിച്ചിട്ടും അത് വേണ്ടരീതിയിൽ പ്രയോജനപ്പെടുത്താൻ കഴിയാതെ പോയ മലയാളി താരം സഞ്ജു സാംസണിനു സോഷ്യൽ മീഡിയയിൽ പൊങ്കാല. ട്വിറ്ററിലൂടെയാണ് നിരവധി പേർ താരത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

ന്യൂസിലാന്‍ഡിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടി20യില്‍ ലോകേഷ് രാഹുലിനൊപ്പം ഓപ്പണറായി ഇറങ്ങിയ സഞ്ജുവിന് എടുക്കാനായത് വെറും രണ്ടു റണ്‍സാണ്. നാലാം ടി20യിലും സഞ്ജുവിന് തിളങ്ങാൻ ആയില്ല. ആ കളിയിൽ സിക്സറടക്കം എട്ട് റൺസ് മാത്രമാണ് താരത്തിനു നേടാനായത്.ഇതുകൂടാതെ ശ്രീലങ്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന ഒരു ടി20യിലും സഞ്ജു പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. അന്ന് ആകെ ലഭിച്ചത് ഒരു സിക്സ് ആയിരുന്നു. ഇതോടെ, കഴിഞ്ഞ മൂന്ന് കളിയിലും ശോഭിക്കാൻ കഴിയാതെ പോയ സഞ്ജുവിനെ ക്രൂശിക്കുകയാണ് വിമർശകർ.

സഞ്ജു സാംസണിനേക്കാള്‍ മികച്ച ഓപ്പണര്‍ റിഷഭ് പന്താണെന്നായിരുന്നു ഒരു ട്വീറ്റ്. സഞ്ജു നിരാശപ്പെടുത്തിയത് സ്വയം മാത്രമല്ല, മറിച്ച് വളരെയേറെ പ്രതീക്ഷയര്‍പ്പിച്ച നിരവധി പേരെയാണ്. സഞ്ജുവിന് അവസരം നൽകുന്നില്ലെന്ന് പറഞ്ഞവർക്ക് പോലും യാതോരു വിലയും കൽപ്പിക്കാതെയുള്ള പ്രകടനമായിരുന്നു സഞ്ജുവിന്റേതെന്ന് സോഷ്യൽ മീഡിയ പറയുന്നു.

ഒട്ടും ക്ഷയമില്ലാത്ത താരമാണ് സഞ്ജു. അന്താരാഷ്ട്ര ക്രിക്കറ്റിനു തീരെ യോജിക്കില്ല. കുട്ടി നീ ഐപിഎല്ലില്‍ മാത്രം കളിക്കൂ, ആസ്വദിക്കൂയെന്നായിരുന്നു മറ്റൊരു ട്വീറ്റ്. ഇനിയൊരിക്കലും ഇന്ത്യക്കു വേണ്ടി കളിക്കാന്‍ സഞ്ജുവിന് അവസരം ലഭിക്കുമെന്ന് തോന്നുന്നില്ലെന്നായിരുന്നു മറ്റൊരു ട്വീറ്റ്. ഏതായാലും സഞ്ജുവിന്റെ ഭാവി ഇനിയെന്താകുമെന്ന ആശങ്കയിലാണ് അദ്ദേഹത്തിന്റെ ആരാധകർ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :