സഞ്ജുവിനെ കൈവിട്ടില്ല, വിശ്വസിച്ചു; കോഹ്ലി മുത്താണ് !

ചിപ്പി പീലിപ്പോസ്| Last Modified വെള്ളി, 31 ജനുവരി 2020 (17:41 IST)
ന്യൂസിലന്‍ഡിനെതിരെ വെല്ലിങ്ടണിൽ നടന്ന നാലാം ടി20യിൽ ഓപ്പണറായി ഇറങ്ങിയത് മലയാളി താരം ആയിരുന്നു. കാത്തുകാത്തിരുന്നു കിട്ടിയ അവസരത്തിൽ സഞ്ജു ആവേശത്തോടെ തുടങ്ങിയെങ്കിലും ആ ആവേശം അതേപടി നിലനിർത്താനാകാത്തതിൽ നിരാശരായ ആരാധകരെ കോരിത്തരിപ്പിച്ച് ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ കിടിലൻ തീരുമാനം.

അഞ്ച് പന്തില്‍ ഒരു സിക്‌സ് സഹിതം എട്ട് റണ്‍സെടുത്ത് തുടക്കത്തിൽ തന്നെ സഞ്ജു പുറത്തായി. കുഗ്ലിഞ്ജിന്റെ പന്ത് സഞ്ജു ഉയർത്തി അടിച്ചെങ്കിലും സത്‌നർ കൈപ്പിടിയിലാക്കിയതോടെ ഇന്ത്യയുടെ ആദ്യ വിക്കറ്റ് അവിടെ വീണു. എന്നാൽ, മത്സരം കൊടുംപിരി കൊണ്ടു, ഒടുവിൽ സൂപ്പർ ഓവറിലേക്ക് കാര്യങ്ങൾ അവസാനിച്ചു.

സൂപ്പർ ഓവറിലും ട്വിസ്റ്റോട് ട്വിസ്റ്റ് ആയിരുന്നു. ഒരു വിക്കറ്റ് നഷ്ടത്തിൽ 13 റൺസ് ആയിരുന്നു ന്യൂസിലൻഡ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് നഷ്ടമായത് മത്സരത്തിന്റെ ആവേശം കൂട്ടിയെങ്കിലും 6 ബോളിൽ 14 റൺസ് അടിച്ചെടുത്ത് നാലാം ടി20യും കൈപ്പിടിയിലാക്കുകയായിരുന്നു. ഒരു സിക്സും ഒരു ഫോറും അടിച്ച കെ എൽ രാഹുൽ നേരിട്ട മൂന്നാമത്തെ പന്തിൽ പുറത്തായി.

പകരം എത്തിയത് സഞ്ജു സാംസൺ ആയിരുന്നു. ശ്രേയസ് അയ്യരെ പ്രതീക്ഷിച്ചിരുന്നവർക്കിടയിലേക്കായിരുന്നു സഞ്ജുവിന്റെ മാസ് റീ എൻ‌ട്രി. ക്രീസിൽ കോഹ്ലിയും സഞ്ജുവും, വേണ്ടത് 4 റൺസും. ബാറ്റിംഗ് ചെയ്തത് കോഹ്ലിയായിരുന്നു. എന്നിരുന്നാലും സൂപ്പർ ഓവറിൽ സഞ്ജുവിനെ മത്സരിപ്പിക്കാമെന്ന ടീമിന്റെ തീരുമാനത്തെ പ്രശംസിക്കുകയാണ് ക്രിക്കറ്റ് ആരാധകർ.

അവസരം നൽകുന്നില്ല എന്ന ആക്ഷേപങ്ങൾ നിൽക്കുമ്പോൾ തന്നെയാണ് കോഹ്ലി ടി20 പരമ്പരയിൽ ഇന്ന് സഞ്ജുവിനെ ഇറക്കിയത്. വേണ്ടത്ര തിളങ്ങാൻ കഴിയാതെ പോയിട്ടും സൂപ്പർ ഓവറിൽ സഞ്ജുവിനെ പങ്കെടുപ്പിച്ചത്, അദ്ദേഹത്തെ ടീം ഇന്ത്യയും കോഹ്ലിയും വിശ്വസിക്കുന്നുവെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്. സഞ്ജുവിന്റെ കഴിവിൽ ടീമിനു ആത്മവിശ്വാമുണ്ടെന്ന് ചുരുക്കം. സഞ്ജുവിനെ അടുത്ത മത്സരത്തിലും ഇറക്കുമെന്ന് കളിക്ക് ശേഷം കോഹ്ലി മാധ്യമങ്ങളോട് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :