പുതിയ കൊവിഡ് വകഭേദമായ എറിസ് യുകെയിൽ വ്യാപിക്കുന്നു, മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 7 ഓഗസ്റ്റ് 2023 (14:21 IST)
ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്ക വിതച്ചുകൊണ്ട് പുതിയ ഒമിക്രോണ്‍ വകഭേദമായ ഇജി 5.1 എന്ന പുതിയ കൊവിഡ് വകഭേദം യുകെയില്‍ ആകെ അതിവേഗത്തില്‍ പടരുന്നു. എറിസ് എന്നാണ് ഈ വകഭേദത്തിന് നല്‍കിയിട്ടുള്ള പേര്. ഒമിക്രോണില്‍ നിന്നും ജനിതകമാറ്റം സംഭവിച്ചവയാണ് ഈ വൈറസുകള്‍.

ജൂലൈ നാലിനാണ് ഈ വകഭേദം ആദ്യമായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ജൂലൈ 31ഓട് കൂടിയാണ് വിശദമായ നിരീക്ഷണങ്ങള്‍ക്ക് ശേഷം ഇത് പുതിയ വകഭേദമാണെന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടായത്. യുകെയില്‍ ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിക്കുന്ന ഏഴില്‍ ഒരാള്‍ക്ക് പുതിയ എറിസ് വകഭേദമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മൂക്കൊലിപ്പ്,തൊണ്ടവേദന,ക്ഷീണം,തുമ്മല്‍ എന്നിവയാണ് എറിസ് സ്ഥിരീകരിക്കുന്നവരില്‍ കാണൂന്ന ലക്ഷണങ്ങള്‍. എല്ലാ പ്രായക്കാരിലും രോഗവ്യാപനമുണ്ടെങ്കിലും പ്രായമായവരില്‍ രോഗം അപകടാവസ്ഥയിലെത്തിക്കും. മുന്‍പ് രോഗം ബാധിച്ചവരിലും വാക്‌സിന്‍ സ്വീകരിച്ചവരിലും പ്രതിരോധശേഷിയുണ്ടാവുമെങ്കിലും എറിസ് വകഭേദത്തെ ശ്രദ്ധിക്കണമെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനം ഗബ്രയേസൂസ് മുന്നറിയിപ്പ് നല്‍കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :