ശ്രീനു എസ്|
Last Updated:
ഞായര്‍, 11 ഒക്‌ടോബര്‍ 2020 (17:28 IST)
ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ കേരളത്തിലെ കോവിഡ് വ്യാപനത്തേയും അതുമൂലമുള്ള മരണ നിരക്കിനേയും സംബന്ധിച്ച് ഏറ്റവും നിര്‍ണ്ണായകമായ ഘട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ മാസങ്ങളില്‍ കൂടുതല്‍ ഫലപ്രദമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നമുക്ക് കഴിയണം. എങ്കില്‍ മരണങ്ങള്‍ അധികമാകുന്നത് വലിയ തോതില്‍ തടയാന്‍ സാധിക്കും. പതിനായിരത്തിനു മുകളില്‍ ഒരു ദിവസം കേസുകള്‍ വരുന്ന സാഹചര്യമാണിപ്പോള്‍. ടെസ്റ്റുകളുടെ എണ്ണം കൂട്ടിയിട്ടും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ശതമാനത്തിനു മുകളില്‍ നില്‍ക്കുന്നത് കേസുകളുടെ എണ്ണം ഇനിയും ഉയരുമെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്.
തൊട്ടടുത്തുള്ള സംസ്ഥാനങ്ങളില്‍ ഈ പകര്‍ച്ചവ്യാധി അതിശക്തമായി തുടരുന്ന കാഴ്ചയാണ്. കര്‍ണ്ണാടകത്തില്‍ 6,66,000 കേസുകളും തമിഴ്‌നാട്ടില്‍ 6,35,000 കേസുകളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. രണ്ടു സംസ്ഥാനങ്ങളിലും മരണസംഖ്യ പതിനായിരത്തോട് അടുക്കുകയാണ്. കര്‍ണ്ണാടകയുടെ ജനസാന്ദ്രത 319 ഉം തമിഴ്‌നാടിന്റെ ജനസാന്ദ്രത 555ഉം ആണെങ്കില്‍ കേരളത്തിന്റെ ജനസാന്ദ്രത 859 ആണ് എന്നോര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.