ചിപ്പി പീലിപ്പോസ്|
Last Modified വ്യാഴം, 5 മാര്‍ച്ച് 2020 (12:29 IST)
കേരളത്തിൽ
കൊറോണ ബാധിച്ച മൂന്ന് പേരും രോഗം ഭേദമായി തിരിച്ച് വീടുകളിലേക്ക് മടങ്ങിയപ്പോൾ ഇനി ഭയക്കേണ്ടതില്ല എന്നാശ്വസിച്ചവരാണ് നമ്മളിൽ പലരും. എന്നാൽ, അതൊരു തുടക്കം മാത്രമായിരുന്നു. ഇന്ത്യയിൽ 28 പേരിലാണ് ഇപ്പോൾ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.
കൊറോണ വൈറസിനെ നമ്മൾ സൂക്ഷിക്കേണ്ടതുണ്ട്. വലിയ തോതിൽ അണുബാധ ഉണ്ടാക്കാൻ കഴിവുള്ള ഒരു വലിയ കുടുംബമാണ് കൊറോണ വൈറസുകൾ. ഇതിനാൽ രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ പോലും ശ്രദ്ധിക്കേണ്ടതുണ്ട്. കോവിഡ് 19നെ കുറിച്ച് ലോകാരോഗ്യ സംഘടന ചില മുന്നറിയിപ്പുകൾ നൽകുന്നുണ്ട്.
പനി, ക്ഷീണം വരണ്ട ചുമ എന്നിവയാണ് പൊതുവേ കോവിഡ് 19ന്റെ ലക്ഷ്യങ്ങൾ. ഇവ അനുഭവപ്പെട്ട് തുടങ്ങിയാൽ ഡോക്ടറെ കാണണം. വൈറസ് ബാധിച്ച മനുഷ്യനിൽ നിന്നും മറ്റൊരു മനുഷ്യനിലേക്ക് ഇവ എളുപ്പത്തിൽ പടരും.
വൈറസ് പടരുന്നതെങ്ങനെ?
വൈറസ് ബാധിച്ചയാളുടെ ശ്വാസോച്ഛ്വാസമോ ചുമയോ വഴി അയാളുടെ വായിൽ നിന്നു പുറത്തേക്ക് തെറിക്കുന്ന തുള്ളികൾ ആ വ്യക്തിക്ക് ചുറ്റിനും വമിക്കുന്നു. മറ്റുള്ളവർ ഇതറിയാതെ ഈ തുള്ളികൾ സ്പർശിക്കാൻ ഇടയാവുകയോ അറിയാതെ ആ കൈകൾ കൊണ്ട് തന്റെ കണ്ണ്, വായ്, മൂക്ക്, ചെവി എന്നിവടങ്ങളിൽ സ്പർശിക്കുകയോ ചെയ്യുമ്പോൾ വൈറസ് മറ്റൊരാളിലേക്ക് പടരും.
കോവിഡ്-19 ഉള്ള ഒരാളിൽ നിന്ന് ഉമിനീർ തുള്ളികൾ ശ്വസിച്ചാൽ ആളുകൾക്ക് കോവിഡ് -19 ബാധിക്കാം. അതുകൊണ്ടാണ് വൈറസ് ബാധിച്ച ഒരാളിൽ നിന്നും അകലം പാലിച്ച് നിൽക്കുക എന്ന് പറയുന്നത്.