രേണുക വേണു|
Last Modified ബുധന്‍, 23 ഒക്‌ടോബര്‍ 2024 (10:17 IST)
ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കില്‍ നമ്മള്‍ അടുക്കളയില്‍ സ്ഥിരം ഉപയോഗിക്കുന്ന പ്രഷര്‍ കുക്കര്‍ വളരെ അപകടകാരിയാണ്. പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ അപകടങ്ങള്‍ വരെ സംഭവിക്കാം.
പാചകത്തിനു മുന്‍പ് തന്നെ പ്രഷര്‍ കുക്കര്‍ നന്നായി പരിശോധിക്കണം. കുക്കര്‍ അടയ്ക്കുന്നതിനു മുന്‍പ് വെന്റ് ട്യൂബില്‍ തടസ്സങ്ങള്‍ ഒന്നുമില്ല എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം.
സേഫ്റ്റി വാല്‍വിന് തകരാര്‍ ഉണ്ടെങ്കില്‍ പിന്നീട് അത് ഉപയോഗിക്കരുത്. ആ സേഫ്റ്റി വാല്‍വ് മാറ്റി പുതിയതു വാങ്ങുകയാണ് വേണ്ടത്. കൃത്യമായ ഇടവേളകളില്‍ കുക്കറിന്റെ സേഫ്റ്റി വാല്‍വുകള്‍ മാറ്റുന്നതാണ് സുരക്ഷിതം. ഏതു കമ്പനിയുടെ കുക്കറാണോ അതേ കമ്പനിയുടെ തന്നെ സേഫ്റ്റി വാല്‍വുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
ഒരു കാരണവശാലും കുക്കറില്‍ സാധനങ്ങള്‍ കുത്തി നിറയ്ക്കരുത്. ഇടേണ്ട ഭക്ഷണ പദാര്‍ഥത്തെ കുറിച്ചും അത് വേവാനായി ഒഴിക്കേണ്ട വെള്ളത്തിന്റെ അളവിനെ കുറിച്ചും കൃത്യമായി മനസ്സിലാക്കിയിരിക്കണം.
ഓരോ ദിവസവും ഉപയോഗം കഴിയുമ്പോള്‍ വാഷറും വെയ്റ്റും എല്ലാം വൃത്തിയാക്കി വയ്ക്കണം. ആവി മുഴുവനും പോകാതെ കുക്കറിന്റെ അടപ്പ് തുറക്കരുത്. ഐഎസ്ഐ മുദ്രയുള്ള കുക്കറുകള്‍ മാത്രമേ ഉപയോഗിക്കാവൂ.