“സ്ഥലം അറിയില്ല. വൈശാഖി തിയേറ്ററിന്റെ അടുത്തെവിടെയോ ആണെന്ന് അറിയാം. ഞങ്ങള്‍ ഇവിടെ ആദ്യമായിട്ടാണ്. ഈ വൈശാഖി തിയേറ്ററും ഞങ്ങള്‍ക്കറിയില്ല” - കയറുന്നതിനു മുമ്പേ ഓട്ടോ ഡ്രൈവറോടു പറഞ്ഞു. “അതു സാരമില്ല സാര്‍. തിയേറ്ററും ഈ പറഞ്ഞ ഫ്ലാറ്റും എനിക്കറിയാം. കയറിക്കോളൂ” - ഓട്ടോ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടയില്‍ ഡ്രൈവറുടെ ഉറപ്പ്.
ഭാഗ്യം. ഇയാള്‍ക്ക് അറിയില്ലെങ്കില്‍ ചുറ്റിപ്പോയേനേ. സ്വപ്ന നന്നേ ക്ഷീണിതയാണ്. ഈ യാത്ര തന്നെ വേണ്ടിയിരുന്നില്ല എന്ന് അവള് ഇതിനകം പലവട്ടം പറഞ്ഞു കഴിഞ്ഞു. പക്ഷേ, ഇത് ആവശ്യമാണ്. ഇങ്ങനെയൊരു യാത്ര എന്നെങ്കിലും ഉണ്ടാകണമെന്ന് ആശിച്ചിരുന്നു. പോകുമ്പോള്‍ സ്വപ്നയെയും കൂട്ടണമെന്ന് ആഗ്രഹിച്ചിരുന്നു. തിരിച്ചറിയുമ്പോള്‍ അമ്മയ്ക്ക് സന്തോഷമാകും.
പക്ഷേ, സ്വപ്നയ്ക്ക് വെറുപ്പാണ്. “നിങ്ങള്ടെ അമ്മ ഒളിച്ചോടിപ്പോയതല്ലേ. സുഖം തേടി. ഇത്രേം വര്‍ഷം കഴിഞ്ഞു. മകന് എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്ന് അന്വേഷിച്ചോ? എങ്ങനെയോ നിങ്ങള്‍ ഒരു കരയെത്തി. ഭാര്യയും കുടുംബവുമൊക്കെയായി. ഇപ്പോള്‍, അമ്മയെക്കുറിച്ച് ഒരു വിവരം കിട്ടിയപ്പോള്‍ അന്വേഷിച്ചു പിടിച്ചു പോകണ്ട ഒരു കാര്യവുമില്ല”
കാര്യമുണ്ട്. നിനക്കത് മനസിലാകില്ല. എന്റെ അമ്മയാണ്. ഞാന്‍ ഏറെ സ്നേഹിച്ച അമ്മ. ഒരു ഇരുണ്ട മുറിയില്‍ എന്നെ ഉപേക്ഷിച്ച് ആരുടെയോ ഒപ്പം അമ്മ ഇറങ്ങിപ്പോകുമ്പോള്‍ എനിക്ക് ഏഴു വയസാണ്. അന്നേ തിരിച്ചറിഞ്ഞിരുന്നു. അമ്മ അകന്നു പോയിരിക്കുന്നു. വിഷമം തോന്നിയില്ല. ഒറ്റയ്ക്കു നില്‍ക്കാമെന്ന് ആരോ കരുത്ത് തന്നതു പോലെ.
ഏഴു വയസു മുതല്‍ മുപ്പത് വയസു വരെയുള്ള ഈ ജീവിതം എന്തൊക്കെ അനുഭവങ്ങളിലൂടെ കടന്നു പോയി? സങ്കടം, ദുരിതം, വിശപ്പ്, കാമം, സന്തോഷം, ഭ്രാന്ത് എല്ല അവസ്ഥകളും കണ്ടു. എല്ലാത്തിനെയും ജയിക്കാനായിരുന്നു ആഗ്രഹം. എല്ലായിടവും ജയിക്കാനാണ് കൊതിച്ചതും. വെട്ടിപ്പിടിച്ചു എല്ലാം. ഒരു പെണ്ണിന്റെ സ്നേഹം. ഒരു കുട്ടിയുടെ ‘അച്ഛാ..’ എന്ന വിളി. പണം. കാര്‍. കൊട്ടാരം പോലൊരു വീട്.
പക്ഷേ, അമ്മ എന്നും നെഞ്ചില്‍ എരിഞ്ഞു കത്തി. എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കില്‍ കണ്ടെത്തണം. ‘അമ്മേ’ എന്ന് ഒരിക്കല്‍ കൂടി വിളിക്കണം. അമ്മയോട് ഈ മകന് ദേഷ്യമില്ലെന്നു പറയണം.
ഓട്ടോ ഒരു വളവു തിരിഞ്ഞപ്പോള്‍ സ്വപ്ന മുന്നോട്ടാഞ്ഞു. തല ഇടിച്ചേനെ. എന്തൊരു റോഡാ ഇതെന്ന് അവള് പിറുപിറുത്തു. അവള് അങ്ങനെയാണ്. ഇഷ്ടമില്ലാത്ത എന്തെങ്കിലും കാര്യമാണ് ചെയ്യുന്നതെങ്കില്‍ എല്ലാത്തിനോടും ദേഷ്യമായിരിക്കും. എപ്പോഴും ദേഷ്യം.
ഇതിപ്പോള്‍, ഒപ്പം ജോലി ചെയ്യുന്ന സുകുവിന്റെ, നാട്ടിലെ ഫ്ലാറ്റിന്റെ പാലുകാച്ചല്‍ ഫംഗ്ഷന്റെ ഫോട്ടോകള്‍ കണ്ടതാണ് തുടക്കമായത്. അതില്‍ പ്രായമായ ഒരു സ്ത്രീ, അറുപതിനു മേല്‍ പ്രായമുള്ള സ്ത്രീ...അവരെ കണ്ടപ്പോള്‍ പെട്ടെന്ന് ഒരു ഞെട്ടലാണുണ്ടായത്. മറക്കാതെ എന്നും മനസില്‍ സൂക്ഷിക്കുന്ന, അമ്മയുടെ മുഖഛായ! അവനോട് അന്വേഷിച്ചപ്പോള്‍ അവനും വലിയ പിടിയില്ല അവരെ. നാട്ടില്‍ വിളിച്ചു ചോദിച്ചാണ് വിവരം അറിഞ്ഞത്. അടുത്ത ഫ്ലാറ്റിലെ വേലക്കാരിത്തള്ളയാണത്രേ. വേലക്കാരിത്തള്ള!