സമ്മാനം വാങ്ങിവാങ്ങി അസിന്‍ തോറ്റു!

PROPRO
ഇത്രയും പുരസ്കാരങ്ങള്‍! അതുഭ്തമാവുകയാണ് അസിന്! രണ്ടായിരത്തിയൊന്നില്‍, പതിനഞ്ച് വയസില്‍ തുടങ്ങിയ സിനിമാഭിനയം ഇതാ രണ്ടായിരത്തിയൊമ്പതില്‍ എത്തുമ്പോള്‍ അസിന്‍ തോട്ടുങ്കലെന്ന മലയാളിയെ തേടിയെത്തിയിരിക്കുന്നത് നൂറ്റിയമ്പത് പുരസ്കാരങ്ങളാണ്. വായിക്കുന്ന നിങ്ങള്‍ക്ക് അത്ഭുതം തോന്നുന്നുണ്ടല്ലേ? അപ്പോള്‍ സമ്മാനങ്ങള്‍ വാങ്ങിക്കൂട്ടുന്ന അസിന്റെ കാര്യമോ?

‘നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക’ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെയാണ് അസിന്റെ രംഗപ്രവേശം. പടം പരാജയമായിരുന്നു. അസിന്‍ സിനിമാഭിനയം വിട്ട് പഠിപ്പ് തുടര്‍ന്നു. എന്നാല്‍ അടുത്ത വര്‍ഷം അത്ഭുതങ്ങള്‍ അസിനെ കാത്തിരിക്കുന്നുണ്ടായിരുന്നു, ‘അമ്മ നന്ന ഓ തമിഴ് അമ്മായി’ എന്ന തെലുങ്ക് സിനിമയിലൂടെ. അസിന് തെലുങ്ക് ഫിലിം‌ഫെയര്‍ പുരസ്കാരം നേടിക്കൊടുത്തു ഈ ഹിറ്റ് ചിത്രം. രണ്ടാം സിനിമ നാഗാര്‍ജുനയോടൊപ്പം ‘ശിവമണി’. അതിനും കിട്ടി മികച്ച നടിക്കുള്ള അവാര്‍ഡ്.

ദക്ഷിണേന്ത്യന്‍ സിനിമയുടെ ഹോളിവുഡായ കോടമ്പാക്കത്തുനിന്ന് ഓഫര്‍ വരാന്‍ തുടങ്ങിയപ്പോള്‍ അസിന്‍ തെലുങ്ക് കൈവിട്ടു. പിന്നെ തമിഴിലായി പയറ്റ്. ‘എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി’ എന്ന സിനിമയിലൂടെയാണ് കോടമ്പാക്കത്തേക്ക് കാലെടുത്ത് വച്ചത്. കമലിനോടൊപ്പം 2008 -ല്‍ ‘ദശാവതാര’ത്തില്‍ അഭിനയിക്കുമ്പോള്‍ പത്ത് സിനിമകളാണ് തമിഴില്‍ മാത്രം അസിന്‍ പൂര്‍ത്തിയാക്കിയിരുന്നത്. ഒപ്പം പുരസ്കാരങ്ങളുടെ മഴവെള്ളപ്പാച്ചിലും.

ഒരു നടിയെന്ന നിലയില്‍ തമിഴ് സിനിമയില്‍ ഉത്തുംഗശൃംഗങ്ങളില്‍ വിരാജിക്കുമ്പോഴാണ് സാക്ഷാല്‍ ബോളിവുഡ് ഓഫര്‍ വരുന്നത്. അതോടെ കോടമ്പാക്കം വിട്ട് മുംബൈയിലേക്ക് ചേക്കേറി. ആദ്യ ഹിന്ദി സിനിമയായ ‘ഗജിനി’യിലെ അഭിനയത്തിന് ഇതുവരെ നാല് പുരസ്കാരങ്ങളാണ് അസിന്‍ നേടിയെടുത്തത്. ഒപ്പം ഹിന്ദി പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറുകയും ചെയ്തു, അസിന്‍!

ഇതുവരെ അസിനെ തേടിവന്നത് മൊത്തം നൂറ്റിനാല്‍‌പ്പത്തിയൊമ്പത് പുരസ്കാരങ്ങളാണ്. ഇപ്പോഴിതാ നൂറ്റിയമ്പതാമത്തെ പുരസ്കാരവും ലഭിച്ചിരിക്കുന്നു. കലാരംഗത്തുള്ള പ്രതിഭകള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍‌കുന്ന ‘കലൈമാമണി’ പുരസ്കാരമാണ് അവസാനമായി അസിനെ തേടി വന്നിരിക്കുന്നത്. ചെന്നൈയിലെ ‘കലൈവാണന്‍’ ഓഡിറ്റോറിയത്തില്‍ വച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ കയ്യില്‍ നിന്ന് ‘കലൈമാമണി’ പുരസ്കാരം ഏറ്റുവാങ്ങാന്‍ ഒരുങ്ങുന്ന അസിന്‍ മലയാളികള്‍ക്കെല്ലാം അഭിമാനമാണ്.

WEBDUNIA|
എം ടി വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും രചിച്ചിരിക്കുന്ന ‘ത്രിഭാഷാ’ ചിത്രമായ ‘ദ നയന്‍‌റ്റീന്‍‌ത്ത് സ്റ്റെപ്പ്’ എന്ന സിനിമയിലാണ് അസിനിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മിനിമം ദേശീയ അവാര്‍ഡെങ്കിലും അസിന് നേടിക്കൊടുത്തേക്കാവുന്ന വേഷമാണിത്. ‘കലൈമാമണി’യെ തുടര്‍ന്ന് കൂടുതല്‍ പുരസ്കാരങ്ങള്‍ അസിനെ തേടിവരട്ടെയെന്ന് വെബ്‌ദുനിയ മലയാളം ആശംസിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :