മണിച്ചിത്രത്താഴിന്‍റെ രണ്ടാം ഭാഗമല്ല താന്‍ സംവിധാനം ചെയ്യുന്ന ‘ഗീതാഞ്ജലി’ എന്ന് പ്രിയദര്‍ശന്‍ അറിയിച്ചിട്ടുണ്ട്. മോഹന്‍ലാലിന്‍റെ ഡോ.സണ്ണി എന്ന കഥാപാത്രത്തിന്‍റെ പുതിയ മിഷനാണ് ഗീതാഞ്ജലിയുടെ പ്രമേയം. ഇത്തവണയും ഭൂതപ്രേതാദികളുടെ സാന്നിധ്യം സിനിമയിലുണ്ടാകുമെന്ന് മാത്രം.
ഈ സൈക്കോ ത്രില്ലറില്‍ ആരാവും നായിക എന്ന് സിനിമാലോകം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ശോഭന ഈ സിനിമയില്‍ ഉണ്ടാകില്ലെന്ന് പ്രിയന്‍ ആദ്യമേ അറിയിച്ചിരുന്നു. അപ്പോള്‍ പിന്നെ ‘നാഗവല്ലി’യുടെ പ്രേതം ആരുടെ ശരീരത്തിലായിരിക്കും കടന്നുകൂടുക? - നായികയായി അന്യഭാഷാ താരമോ പുതുമുഖമോ വരും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ പുതിയ വിവരം അനുസരിച്ച്, മീരാ ജാസ്മിന്‍ ഈ സിനിമയില്‍ നായികയാകും. നാഗവല്ലിക്ക് പകരം ‘ഗീതാഞ്ജലി’ എന്ന ആത്മാവിനെയായിരിക്കും ഈ സിനിമയില്‍ മീരാ ജാസ്മിനും മോഹന്‍ലാലിനും നേരിടേണ്ടിവരിക.
‘ലേഡീസ് ആന്‍റ് ജെന്‍റില്‍മാന്‍’ എന്ന ചിത്രത്തിലാണ് മോഹന്‍ലാലും മീരയും ഇതിന് മുമ്പ് ഒന്നിച്ചത്. മീരയെക്കുറിച്ച് ഒട്ടേറെ ഗോസിപ്പുകള്‍ പരക്കുന്ന സമയത്താണ് പ്രിയദര്‍ശന്‍ തന്‍റെ പുതിയ ചിത്രത്തില്‍ മീരയെ നായികയാക്കുന്നത് എന്നതാണ് പ്രത്യേകത.
ഡെന്നിസ് ജോസഫ് തിരക്കഥയെഴുതുന്ന ഗീതാഞ്ജലിയില്‍ മധു, ഇന്നസെന്‍റ്, സിദ്ദിക്ക്, ഗണേഷ് തുടങ്ങിയവരും അഭിനയിക്കുന്നു.