ജീത്തു ജോസഫ് എന്ന സംവിധായകന്‍ വ്യത്യസ്തമായ സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നയാളാണ്. താന്‍ ചെയ്യുന്ന സിനിമകള്‍ പല കാറ്റഗറിയില്‍ ഉള്ളതാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ആദ്യം സംവിധാനം ചെയ്തത് ‘ഡിറ്റക്ടീവ്’ എന്ന ത്രില്ലറായിരുന്നു. സുരേഷ്ഗോപിയുടെ പുതുമയുള്ള അഭിനയവും സബ്ജക്ടിലെ ഫ്രഷ്നെസും പടം ഹിറ്റാക്കി.
പിന്നീട് ‘മമ്മി ആന്‍റ് മി’ എന്ന പക്കാ കുടുംബചിത്രമാണ് ജീത്തു ജോസഫ് ഒരുക്കിയത്. നായികാപ്രാധാന്യമുള്ള സിനിമയായിട്ടും അത് സൂപ്പര്‍ഹിറ്റായി. നീണ്ട ഇടവേളയ്ക്ക് ശേഷം ‘മൈ ബോസ്’ എന്ന സിനിമയുമായി ജീത്തു വരികയാണ്.
മൈ ബോസ് ഒരു കോമഡിച്ചിത്രമാണ്. മുംബൈ ആസ്ഥാനമായ ഐ ടി കമ്പനിയിലെ ഉദ്യോഗസ്ഥനും അയാളുടെ ലേഡി ബോസും തമ്മിലുള്ള സവിശേഷമായ ബന്ധം രസകരമായി പറയുകയാണ് ഈ സിനിമ. ദിലീപ് ഒരു സോഫ്റ്റുവെയര്‍ എഞ്ചിനീയറായും മംമ്ത അദ്ദേഹത്തിന്‍റെ ബോസായും അഭിനയിക്കുന്നു.
ബോസ് പറയുന്നതെന്തും അക്ഷരാര്‍ത്ഥത്തില്‍ അനുസരിക്കുന്നവനാണ് ഈ ഉദ്യോഗസ്ഥന്‍. അല്ലെങ്കില്‍, അയാളെ കുരങ്ങുകളിപ്പിക്കുന്നയാളാണ് ഈ ലേഡി ബോസ് എന്നും പറയാം. താന്‍ വരച്ച വരയില്‍ നിന്ന് മാറി സഞ്ചരിക്കാന്‍ ബോസ് അയാളെ അനുവദിക്കില്ല. എന്നാല്‍ ഇവരുടെ ബന്ധം മറ്റൊരു തലത്തിലേക്ക് വളരുന്നു. അതിന്‍റെ വികാസപരിണാമങ്ങളാണ് മൈ ബോസ് കാണിച്ചുതരുന്നത്.
മേയ് ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന മൈ ബോസ് ഈസ്റ്റുകോസ്റ്റ് വിജയനാണ് നിര്‍മ്മിക്കുന്നത്. സലിം കുമാര്‍, സായികുമാര്‍, ലെന തുടങ്ങിയവരും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.