ഭാര്യയും മക്കളുമുള്ള ഒരാളുടെ കുടുംബം തകര്‍ക്കാന്‍ നയന്‍താര ശ്രമിക്കുന്നു എന്നാരോപിച്ച് തമിഴ്‌നാട്ടില്‍ സ്ത്രീ സംഘടനകള്‍ രംഗത്ത്. നയന്‍താര കുലീനയായ സ്ത്രീയല്ലെന്നും മറ്റുള്ളവരുടെ കുടുംബം തകര്‍ക്കുന്നതില്‍ തല്‍പരയാണെന്നും ആരോപിച്ചാണ് സ്ത്രീ സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നയന്‍താരയുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് തടയുമെന്നും അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ നയന്‍താര - പ്രഭുദേവ പ്രണയം തെരുവിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടിരിക്കുകയാണ്.
കോടമ്പാക്കത്തില്‍ ഏറെക്കാലമായി പുകഞ്ഞുകൊണ്ടിരുന്ന നയന്‍താര - പ്രഭുദേവ പ്രണയം ചൂടുള്ള വിഷയമായത് പ്രഭുദേവയുടെ ഭാര്യ റംലത്ത് ഒരു തമിഴ് ദിനപ്പത്രത്തിന് അനുവദിച്ച അഭിമുഖത്തോടെയാണ്. തന്റെ കുടുംബം തകര്‍ക്കരുതെന്ന നിരന്തരമായ അഭ്യര്‍ത്ഥനകള്‍ക്ക് ശേഷവും നയന്‍താരയും പ്രഭുദേവയും ഭാര്യാ-ഭര്‍ത്താക്കന്മാരെ പോലെ ജീവിക്കുന്നത് കണ്ടതുകൊണ്ടുള്ള പൊട്ടിത്തെറിയായിരുന്നു ആ അഭിമുഖം. നയന്‍താരയെ കണ്ണില്‍കണ്ടാല്‍ ചെരുപ്പഴിച്ച് അടിക്കും എന്നുവരെ റംലത് പറയുകയുണ്ടായി.
റംലത്തിന്റെ അഭിമുഖത്തിന് നയന്‍താരയും മറുപടി പറഞ്ഞു. സ്വന്തം ഭര്‍ത്താവിനെ നിലയ്ക്ക് നിര്‍ത്താന്‍ കഴിവില്ലാത്ത റംലത്തിന് തന്നെ ശപിക്കാനും അടിക്കാനുമൊന്നും അവകാശമില്ലെന്നായിരുന്നു നയന്‍താരയുടെ വാദം. ഇത് കേട്ടതോടെ റംലത്ത് വീണ്ടും പൊട്ടിത്തെറിച്ചു. കൂടുതല്‍ രഹസ്യങ്ങള്‍ പുറംലോകമറിഞ്ഞു. നയന്‍താരയെ വിവാഹം ചെയ്യാന്‍ സമ്മതിക്കണം എന്നപേക്ഷിച്ച് റംലത്തിന്റെ പിന്നാലെ പ്രഭുദേവ നടക്കുന്ന കാര്യം അങ്ങിനെയാണ് പുറത്തുവന്നത്.
പ്രഭുദേവയെ തനിക്ക് തിരിച്ചുകിട്ടില്ല എന്നുറപ്പായപ്പോള്‍ തമിഴ്‌നാട്ടിലെ സ്ത്രീജനങ്ങളോട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു റംലത്. ആ സഹായാഭ്യര്‍ത്ഥനയുടെ അലയൊലികളാണ് ഇപ്പോള്‍ തമിഴ്‌നാട്ടില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. നയന്‍താരയെ സിനിമകളില്‍ അഭിനയിപ്പിക്കരുതെന്ന് സ്ത്രീസംഘടനകള്‍ പത്രമാധ്യമങ്ങള്‍ വഴി സംവിധായകരോടും നിര്‍മാതാക്കളോടും അഭ്യര്‍ത്ഥിച്ചുകഴിഞ്ഞു.
പ്രഭുദേവയുടെ ഡാന്‍സ് ട്രൂപ്പിലെ അംഗമായിരുന്നു റംലത്. പ്രേമബദ്ധരായതിനെ തുടര്‍ന്ന് ഇരുവരും വിവാഹം കഴിക്കുകയും പ്രഭുദേവയുടെ നിര്‍ബന്ധത്താല്‍ റംലത് ഹിന്ദുമതത്തിലേക്ക് മാറി ലത എന്ന പേര് സ്വീകരിക്കുകയും ചെയ്തു. വിവാഹജീവിതത്തിന്റെ ആദ്യവര്‍ഷങ്ങളില്‍, താന്‍ വിവാഹം ചെയ്ത കാര്യം വീട്ടുകാരും നാട്ടുകാരും അറിയാതിരിക്കാനായി റംലത്തിനെ പ്രഭുദേവ ഒളിവില്‍ താമസിപ്പിക്കുകയും ചെയ്തു.
ഈയടുത്ത കാലത്താണ് ഇരുവരുടെയും മൂത്ത മകന്‍ കാന്‍സര്‍ വന്ന് മരിച്ചത്. അതിന്റെ ദുഃഖം അടക്കിപ്പിടിച്ച് കഴിയുന്ന റംലത്തിന് താങ്ങാവുന്നതിലും അധികമാണ് ഭര്‍ത്താവിന്റെ പുതിയ പ്രണയം. പ്രഭുദേവയുടെ പ്രണയത്തെ പറ്റി ഒരക്ഷരം ഇനി മാധ്യമങ്ങളോട് മിണ്ടരുത് എന്ന് പ്രഭുദേവയുടെ പിതാവ് റംലത്തിന് താക്കീത് നല്‍കിയതായും അറിയുന്നു.
ഒട്ടേറെ കഷ്ടപ്പാടുകളിലൂടെയും ദുരിതങ്ങളിലൂടെയും കടന്നുപോയ റംലത്തിനെ സഹായിക്കേണ്ടത് തങ്ങളുടെ കടമയായി സ്ത്രീ സംഘടനകള്‍ കരുതുന്നു. തങ്ങളുടെ അഭ്യര്‍ത്ഥന മാനിക്കാതെ നയന്‍താരയെ സിനിമയില്‍ അഭിനയിപ്പിച്ചാല്‍ ആ സിനിമ തമിഴ്‌നാട്ടിലെ തീയേറ്ററുകളില്‍ ഓടാന്‍ അനുവദിക്കില്ലെന്നും സ്ത്രീ സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ സ്ത്രീ സംഘടനകള്‍ നയന്‍താരയ്ക്കെതിരെ വരും നാളുകളില്‍ സംഘടിക്കുമെന്ന് അറിയുന്നു.