WEBDUNIA|
Last Modified വ്യാഴം, 19 ഫെബ്രുവരി 2009 (20:06 IST)
പഴയ സുഹൃത്തുക്കളുടെ സിനിമകള്‍ ഈ വിഷുവിന് ഏറ്റുമുട്ടും എന്നൊരു വാര്‍ത്ത കുറച്ചുകാലം മുമ്പ് വന്‍ പ്രാധാന്യത്തോടെ മാധ്യമങ്ങള്‍ ആഘോഷിച്ചതാണ്. അതേ, സംവിധായകന്‍ സിദ്ദിഖിന്‍റെ ബോഡിഗാര്‍ഡും, നടനും നിര്‍മ്മാതാവുമായ ലാല്‍ ആദ്യമായി ഒറ്റയ്ക്ക് സംവിധാനം ചെയ്യുന്ന ടു ഹരിഹര്‍ നഗറും വിഷുവിന് റിലീസ് ചെയ്യുമെന്നായിരുന്നു വാര്‍ത്ത.
സിദ്ദിഖും ലാലും ഏറ്റുമുട്ടുന്നത് കാണാനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകരും സിനിമാലോകവും. എന്നാല്‍ ടു ഹരിഹര്‍ നഗര്‍ വിഷുവിന് റിലീസ് ചെയ്യില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചതോടെ ഈ ഏറ്റുമുട്ടല്‍ ഉണ്ടാകില്ലെന്നായിരുന്നു ഏവരും കരുതിയത്. മേയ് അവസാനം ടു ഹരിഹര്‍ നഗര്‍ പ്രദര്‍ശനത്തിനെത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഏപ്രില്‍ ഒമ്പതിന് ബോഡിഗാര്‍ഡ് റിലീസ് ചെയ്യാനും തീരുമാനിച്ചിരുന്നു.
എന്നാലിതാ, ബോഡിഗാര്‍ഡിന്‍റെ റിലീസ് ഡേറ്റും മാറിയിരിക്കുന്നു. ചിത്രം വിഷുവിന് റിലീസ് ചെയ്യില്ല. പകരം മേയ് അവസാനം റിലീസ് ചെയ്യാനാണ് പരിപാടി. ഇതോടെ ഹരിഹര്‍ നഗറും ബോഡിഗാര്‍ഡും തമ്മില്‍ നേരിട്ടൊരു ഏറ്റുമുട്ടലിന് വീണ്ടും കളമൊരുങ്ങിയിരിക്കുകയാണ്.
സിദ്ദിഖും ലാലും ചേര്‍ന്ന് 1990ല്‍ പുറത്തിറക്കിയ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന മെഗാഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമാണ് ടു ഹരിഹര്‍ നഗര്‍. അതുകൊണ്ടു തന്നെ ഈ ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. ദിലീപിന്‍റെ നായികയായി നയന്‍താര ആദ്യമായി അഭിനയിക്കുന്ന ചിത്രം എന്നതാണ് ബോഡി ഗാര്‍ഡിന്‍റെ ഏറ്റവും വലിയ പ്രത്യേകത. മാത്രമല്ല സിദ്ദിഖ് സംവിധാനം ചെയ്ത എല്ലാ സിനിമകളും വന്‍ വിജയം നേടിയവയാണെന്നതും ബോഡിഗാര്‍ഡിന് പ്ലസ് മാര്‍ക്കാണ്.
ഈ വമ്പന്‍ ചിത്രങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ മത്സരം പൊടിപാറുമെന്ന് തീര്‍ച്ച. ആരു ജയിക്കും എന്നത് കാത്തിരുന്ന് കാണേണ്ടത് തന്നെ.