നയന്‍‌താരയ്ക്കെതിരായ വിലക്ക് നീക്കി

PROPRO
തമിഴ് സിനിമയില്‍ താരസുന്ദരി നയന്‍‌താരയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. തമിഴ്‌ നടികര്‍ സംഘവും പ്രൊഡ്യൂസേഴ്സ്‌ അസോസിയേഷനും ഏര്‍പ്പെടുത്തിയ വിലക്ക്‌ നീക്കിയതായാണ് അറിയിച്ചിരിക്കുന്നത്. ഏതു രീതിയിലുള്ള ഒത്തുതീര്‍പ്പാണ് ഉണ്ടായതെന്ന് അറിവായിട്ടില്ല.

ലിംഗുസ്വാമി സംവിധാനം ചെയ്യുന്ന ‘പയ്യാ’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദമാണ് നയന്‍‌താരയ്ക്കെതിരായ വിലക്കില്‍ കലാശിച്ചത്. ‘പയ്യാ’യില്‍ നയന്‍‌താരയായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. ഒരുകോടി രൂപയാണ് നയന്‍സ് പ്രതിഫലമായി ആവശ്യപ്പെട്ടത്. അത് അംഗീകരിച്ച നിര്‍മ്മാതാക്കള്‍ 20 ലക്ഷം രൂപ അഡ്വാന്‍സും നല്‍കി. എന്നാല്‍ പിന്നീട്, പ്രതിഫലത്തുകയില്‍ കുറവു വരുത്തണമെന്ന് സംവിധായകനും നിര്‍മ്മാതാവും നയന്‍‌താരയോട് ആവശ്യപ്പെടുകയായിരുന്നു. അതിന് നയന്‍സ് വഴങ്ങിയില്ല. തുടര്‍ന്ന് നയന്‍‌താരയെ ഒഴിവാക്കുകയും തമന്നയെ ആ റോളില്‍ അഭിനയിപ്പിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍, അഡ്വാന്‍സ് വാങ്ങിയ ഇരുപത് ലക്ഷം രൂപ നയന്‍‌താര തിരിച്ചു തന്നില്ലെന്ന് ആവശ്യപ്പെട്ടാണ് നിര്‍മ്മാതാവും സംവിധായകനും സംഘടനകളില്‍ പരാതി നല്‍കിയത്.

എന്നാല്‍ ‘പയ്യാ’യ്ക്ക് നല്‍കിയ മൂന്നു മാസത്തെ ഡേറ്റ് പാഴായിപ്പോയെന്നും അതിന്‍റെ നഷ്ടപരിഹാരം തരണമെന്നും നയന്‍സും ആവശ്യപ്പെട്ടു. ഇതോടെ ഒരു ഒത്തുതീര്‍പ്പിന് നിര്‍മ്മാതാക്കള്‍ തയ്യാറായി. നയന്‍‌താരയുടെ വിലപ്പെട്ട ദിവസങ്ങള്‍ പാഴാക്കിയതിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്നും ബാക്കി 15 ലക്ഷം രൂപ തിരിച്ചു നല്‍കണമെന്നുമാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്. ഇതിനോട് രൂക്ഷമായ ഭാഷയിലാണ് നയന്‍‌താര പ്രതികരിച്ചത്.

“മൂന്നു മാസം മറ്റ് ചിത്രങ്ങള്‍ക്കൊന്നും ഡേറ്റ് നല്‍‌കാതെ ‘പയ്യാ’ തുടങ്ങുന്നതിനായി കാത്തിരുന്ന എന്‍റെ നഷ്ടപരിഹാരം എത്രയെന്ന് നിശ്ചയിക്കാന്‍ ലിംഗുസ്വാമി ആരാണ്? ഒരു തെലുങ്ക് ചിത്രവും തമിഴ് ചിത്രവുമാണ് ഞാന്‍ ഈ സിനിമയ്ക്കു വേണ്ടി വേണ്ടെന്നു വച്ചത്. എനിക്കുണ്ടായ നഷ്ടം വളരെ വലുതാണ്. എന്‍റെ വിലപ്പെട്ട സമയത്തിന് ആര് നഷ്ടപരിഹാരം തരും? എന്നെ വിലക്കുന്നത് തെറ്റായ തീരുമാനമാണ്, വിവേചനപരവും. നിര്‍ബന്ധപൂര്‍വം എന്നെക്കൊണ്ട് എന്തെങ്കിലും ചെയ്യിക്കാന്‍ ആര്‍ക്കുമാകില്ല. എന്‍റെ വ്യക്തിത്വത്തിനാണ് ഞാന്‍ ഏറ്റവും മൂല്യം കല്പിക്കുന്നത്. ഒരു നടിയായതുകൊണ്ടാണ് ഈ പ്രശ്നത്തില്‍ ഞാന്‍ ഒറ്റപ്പെട്ടു പോയത്” - നയന്‍സ് വ്യക്തമാക്കിയിരുന്നു.

WEBDUNIA| Last Modified ശനി, 7 ഫെബ്രുവരി 2009 (18:17 IST)
തമിഴില്‍ പുതിയ ചിത്രങ്ങളിലൊന്നും നയന്‍താരയെ സഹകരിപ്പിക്കരുതെന്ന നിര്‍ദ്ദേശമായിരുന്നു സംഘടനകള്‍ നല്‌കിയിരുന്നത്. എന്തായാലും വിലക്ക് പിന്‍‌വലിച്ചതോടെ തമിഴ് സിനിമയില്‍ കൂടുതല്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് നയന്‍‌താര. കെ എസ് രവികുമാര്‍ സംവിധാനം ചെയ്ത് സൂര്യ നായകനാകുന്ന ചിത്രമാണ് തമിഴില്‍ നയന്‍താരയുടെ പുതിയ ചിത്രം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :