ഒരു സംഭവം, അത് വായനക്കാര്‍ക്കും ഓര്‍മ്മയുണ്ടാകും. മോഹന്‍ലാലിന്‍റെ മാടമ്പിയും മമ്മൂട്ടിയുടെ പരുന്തും ഒരേ സമയത്ത് റിലീസായി. രണ്ടിനും ഏകദേശം ഒരേ കഥയായിരുന്നു. എന്നാല്‍ ചര്‍ച്ചാവിഷയമായത് അതൊന്നുമല്ല. മാടമ്പിയിലെ ‘എനിക്കുമീതെ ഒരു പരുന്തും പറക്കില്ല’ എന്ന മോഹന്‍ലാലിന്‍റെ ഡയലോഗായിരുന്നു. അത് പരുന്ത് എന്ന സിനിമയെ താറടിച്ചുകാണിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണെന്ന് ആരോപണമുണ്ടായി.
സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ ഒരേസമയത്ത് റിലീസ് ചെയ്യുമ്പോള്‍ പോസ്റ്ററുകളിലൂടെയും ഫ്ലക്സുകളിലൂടെയും ചിലപ്പോള്‍ പരസ്പരം ആക്രമണം നടക്കാറുണ്ട്. മോഹന്‍ലാലിന്‍റെ ‘കര്‍മ്മയോദ്ധാ’, മമ്മൂട്ടിയുടെ ‘ബാവുട്ടിയുടെ നാമത്തില്‍’ എന്നിവ റിലീസായ സമയം. അമിതമായ വയലന്‍സ് കാരണം കര്‍മ്മയോദ്ധായെ പ്രേക്ഷകര്‍ തഴഞ്ഞു. ദിവസങ്ങള്‍ക്കുള്ളില്‍ ബാവുട്ടിയുടെ നാമത്തിലിന്‍റേതായി ഇറങ്ങിയ ഒരു പോസ്റ്റര്‍ തലവാചകം ഇതായിരുന്നു - ‘ബാവുട്ടി മാത്രം നിലനിന്നു’ !
സിദ്ദിക്ക് സംവിധാനം ചെയ്ത ലേഡീസ് ആന്‍റ് ജെന്‍റില്‍മാന്‍, ലാല്‍ ജോസ് സംവിധാനം ചെയ്ത ഇമ്മാനുവല്‍ എന്നീ സിനിമകള്‍ ഒരേ സമയം റിലീസായി. ജെന്‍റില്‍മാന്‍ റിലീസിന് മുമ്പേ ഒന്നരക്കോടി രൂപ ലാഭം നേടിയ ചിത്രമാണ്. റിലീസായി നാലാം ദിവസം 4.75 കോടിയിലും ആറാം ദിവസം ആറുകോടി രൂപയിലും കേരളത്തിലെ തിയേറ്ററുകളിലെ മാത്രം കളക്ഷന്‍ എത്തി. മമ്മൂട്ടിച്ചിത്രമായ ഇമ്മാനുവലും ഭേദപ്പെട്ട വിജയം നേടി.
ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലും പ്രത്യക്ഷപ്പെട്ട ലേഡീസ് ആന്‍റ് ജെന്‍റില്‍മാന്‍റെ പോസ്റ്റര്‍ തലക്കെട്ട് ഇങ്ങനെയായിരുന്നു - ‘ലാല്‍ മാജിക് വീണ്ടും’!. അതിന് മറുപടിയെന്നോണം ഇമ്മാനുവലിന്‍റേതായി ഒരു പോസ്റ്ററും എത്തി. ഇതായിരുന്നു തലവാചകം - ‘ഇത് വെറും പോസ്റ്റര്‍ മാജിക് അല്ല, ഇതാണ് സക്സസ് മാജിക്’!
എന്തായാലും മൂന്നുപതിറ്റാണ്ടുകള്‍ പിന്നിട്ടും മമ്മൂട്ടി - മോഹന്‍ലാല്‍ ചിത്രങ്ങളുടെ മത്സരകഥകള്‍ തുടരുകയാണ്.