ആമേന്‍ കഴിഞ്ഞു, ഫഹദും ലിജോയും നായ്‌വേട്ടയ്ക്കിറങ്ങുന്നു!

WEBDUNIA|
PRO
ചില ചിത്രങ്ങളുടെ പേര് കേള്‍ക്കുമ്പോള്‍ തന്നെ ഇത് എവിടെയൊക്കെയോ ചെന്ന് നില്‍ക്കാവുന്ന സിനിമയാണല്ലോ എന്ന് തോന്നും. അത്തരത്തിലൊരു പേരാണ് - നായ്‌വേട്ട. എന്താണ് ഈ സിനിമയുടെ കഥ എന്ന് ആലോചിച്ച് പ്രേക്ഷകര്‍ കണ്‍ഫ്യൂഷനിലാകുമെന്ന് ഉറപ്പ്. എന്തായാലും ‘നായ്‌വേട്ട’ ഒരുക്കുന്നത് നിസാരക്കാരല്ല. ‘ആമേന്‍’ എന്ന വിസ്മയ ചിത്രത്തിലൂടെ മലയാളക്കരയെ അമ്പരപ്പിച്ച ലിജോ ജോസ് പെല്ലിശ്ശേരിയാണ് സംവിധാനം. ആമേനിലെ സോളമനായ ഫഹദാണ് നായകന്‍.

“ഈ വര്‍ഷം അവസാനം പുറത്തിറങ്ങുന്ന ഡിസ്കോ എന്ന എന്‍റെ ചിത്രത്തിന് ശേഷമേ നായ്‌വേട്ടയുണ്ടാകൂ” - ലിജോ വ്യക്തമാക്കുന്നു. നായകന്‍, സിറ്റി ഓഫ് ഗോഡ്, ആമേന്‍, ഡിസ്കോ - തന്‍റെ സിനിമകളുടെ പേരുകളില്‍ എന്തെങ്കിലും വ്യത്യസ്തത എന്നും ലിജോ കാത്തുസൂക്ഷിക്കുന്നു. ‘നായ്‌വേട്ട’ എന്ന പേരില്‍ നിന്ന് ഈ സിനിമ നായ്‌വേട്ടക്കാരുടെ കഥയാണോ എന്ന് ചിന്തിച്ച് കാടുകയറേണ്ടതില്ല. വളരെ വ്യത്യസ്തമായ ഒരു കഥയും പശ്ചാത്തലവുമായിരിക്കും ഈ സിനിമയ്ക്ക്.

നായ്‌വേട്ടയില്‍ ഫഹദ് ഫാസിലിനെക്കൂടാതെ സുരാജ് വെഞ്ഞാറന്‍‌മൂടും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സുരാജിന്‍റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ഒരു വേഷമായിരിക്കും ഇത്. അപൂര്‍വരാഗം, ഫ്രൈഡേ തുടങ്ങിയ സിനിമകള്‍ രചിച്ച നജീം കോയയാണ് നായ്‌വേട്ടയുടെ തിരക്കഥ രചിക്കുന്നത്.

അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത പ്രൊജക്ടായ ‘ഡിസ്കോ’ ഹോളിവുഡ് ചിത്രം ഹാങ് ഓവറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണെന്ന് പ്രചാരണം നടക്കുന്നുണ്ട്. എന്നാല്‍ അതിന് ലിജോ വ്യക്തമായ മറുപടി നല്‍കുന്നു - “ഡിസ്കോ ആമേനെപ്പോലെ ആയിരിക്കില്ല. അതുമാത്രം ഇപ്പോള്‍ ഞാന്‍ പറയാം. ഡിസ്കോയുടെ തിരക്കഥാ രചന ആരംഭിച്ചിട്ടുപോലുമില്ല. എന്തായാലും ഒരു സിനിമയും റീമേക്ക് ചെയ്യുന്നില്ല എന്ന കാര്യം ഉറപ്പിച്ചു പറയുന്നു”.

ഇന്ദ്രജിത്ത്, ഫഹദ് ഫാസില്‍, മകരന്ദ് ദേശ്പാണ്ഡെ, ജോയ് മാത്യു എന്നീ ആമേന്‍ താരങ്ങള്‍ ഡിസ്കോയുടെയും ഭാഗമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :