47 ന്റെ നിറവില്‍ ഇളയ ദളപതി വിജയ്; ഇന്ന് ജന്മദിനം

രേണുക വേണു| Last Modified ചൊവ്വ, 22 ജൂണ്‍ 2021 (06:52 IST)

ഇളയ ദളപതി വിജയ് ഇന്ന് 47-ാം ജന്മദിനം ആഘോഷിക്കുന്നു. ജോസഫ് വിജയ് ചന്ദ്രശേഖര്‍ എന്നാണ് താരത്തിന്റെ മുഴുവന്‍ പേര്. കഴിഞ്ഞ രണ്ട് ദശകമായി 64 സിനിമകളില്‍ വിജയ് അഭിനയിച്ചു. ബോക്‌സ്ഓഫീസില്‍ നിരവധി ഹിറ്റ് സിനിമകളുള്ള താരമാണ്. രജനികാന്തിന് ശേഷം തമിഴ്‌നാട്ടിലും കേരളത്തിലും ഇത്രയേറെ ആരാധകര്‍ ഉള്ള താരം അപൂര്‍വ്വമാണ്.

1974 ജൂണ്‍ 22 നാണ് വിജയിയുടെ ജനനം. ബാലതാരമായാണ് വിജയ് സിനിമയിലെത്തുന്നത്. പിതാവ് എസ്.എ.ചന്ദ്രശേഖര്‍ 'നാളൈയ തീര്‍പ്പു' ആണ് വിജയ് അഭിനയിച്ച ആദ്യ ചിത്രം. 1996 ല്‍ പുറത്തിറങ്ങിയ പൂവേ ഉനക്കാകയിലെ വിജയിയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. കാതലുക്ക് മര്യാദൈ, തുള്ളാത്ത മനവും തുള്ളും തുടങ്ങിയ ചിത്രങ്ങള്‍ ബോക്‌സ്ഓഫീസില്‍ ഹിറ്റായി. 2000ല്‍ പുറത്തിറങ്ങിയ ഖുഷി ഉള്‍പ്പെടെ മൂന്ന് ചിത്രങ്ങളും വന്‍ വിജയങ്ങളായി. 2001 ല്‍ മലയാള സംവിധായകന്‍ സിദ്ധിഖിന്റെ 'ഫ്രണ്ട്സ്' തമിഴ് റീമേക്കില്‍ സൂര്യക്കൊപ്പം അഭിനയിച്ചു. ആ വര്‍ഷം തന്നെ ബദ്രി, ഷാജഹാന്‍ എന്നീ ചിത്രങ്ങള്‍ വലിയ വിജയമായിരുന്നു. പിന്നീടങ്ങോട്ട് തമിഴ് സിനിമയില്‍ വിജയ് യുഗമായിരുന്നു. ബോക്‌സ്ഓഫീസല്‍ രജനിക്ക് ശേഷം ഇത്രയും ചലനം സൃഷ്ടിച്ച മറ്റൊരു നടനില്ല. ഗില്ലി, പോക്കിരി, തുപ്പാക്കി, കത്തി, ജില്ല, മെര്‍സല്‍ എന്നിവയെല്ലാം വിജയിയുടെ പ്രധാന സിനിമകളാണ്.

1997, 2005 വര്‍ങ്ങളില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം വിജയ് നേടിയിട്ടുണ്ട്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :