National Awards: തുടക്കത്തിലെ പൊലിഞ്ഞ പ്രതിഭ, അഭിമാനത്തിനിടെയിലും സച്ചി നെഞ്ചിലെ നീറ്റൽ: കുറിപ്പ് പങ്കുവെച്ച് വി ഡി സതീശൻ

അഭിറാം മനോഹർ| Last Updated: വെള്ളി, 22 ജൂലൈ 2022 (20:00 IST)
ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ തിളങ്ങിയ മലയാള സിനിമയ്ക്ക് അഭിനന്ദനങ്ങളറിയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പുരസ്കാര പ്രഖ്യാപനത്തിൽ മലയാളിയെന്ന നിലയിൽ സന്തോഷവും അഭിമാനവുമുണ്ടെന്നും എന്നാൽ പുരസ്കാരനിറവിൽ സച്ചിയുടെ അഭാവം നെഞ്ചിലെ നോവായി ബാക്കിനിൽക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് കുറിച്ചു.

വി ഡി സതീശൻ്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം

മലയാളത്തിളക്കമുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ മലയാളിയെന്ന നിലയില്‍ സന്തോഷവും അതിലേറെ അഭിമാനവുമുണ്ട്. പക്ഷെ ഈ സന്തോഷങ്ങള്‍ക്കിടയിലും നെഞ്ചിലെ നീറ്റലായി മാറുകയാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ സച്ചി.


തുടക്കത്തില്‍ തന്നെ പൊലിഞ്ഞു പോയൊരു മഹാപ്രതിഭ... അയ്യപ്പനും കോശിയും പോലെ, അതുമല്ലെങ്കില്‍ അതിനേക്കാള്‍ മികച്ച എത്രയെത്ര ചലച്ചിത്ര കാഴ്ചകളാണ് പ്രിയ സച്ചി ബാക്കിയാക്കി പോയത്..

അപര്‍ണ ബാലമുരളി, ബിജു മേനോന്‍, നഞ്ചിയമ്മ എന്നിവര്‍ നടിക്കും സഹനടനും പിന്നണി ഗായികയ്ക്കും ഉള്‍പ്പടെ 11 പുരസ്‌കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ട സൂര്യയും മലയാളികള്‍ക്ക് പ്രിയങ്കരനാണ്. എല്ലാ പുരസ്‌കാര ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :