സൂപ്പര്‍ഹീറോ വരികയായി,മാളികപ്പുറം മനോഹരമായ ചിത്രം, ഉറപ്പുനല്‍കി ഉണ്ണിമുകുന്ദന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 29 ഡിസം‌ബര്‍ 2022 (14:53 IST)
ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന മാളികപ്പുറം നാളെ മുതല്‍ തിയേറ്ററുകളിലേക്ക്.മനോഹരമായ ഒരു ചിത്രമാകും ഇതൊന്നും അയ്യപ്പസ്വാമിയുടെ ഭക്തര്‍ ഓരോരുത്തര്‍ക്കും രോമാഞ്ചം പകരുന്ന സിനിമയായിരിക്കും ഇതെന്നും ഗ്യാരന്റി നല്‍കുന്നുവെന്ന് ഉണ്ണിമുകുന്ദന്‍ പറഞ്ഞു.സൂപ്പര്‍ഹീറോ വരികയായി എന്ന് പറഞ്ഞുകൊണ്ടാണ് നടന്‍ നിര്‍ത്തുന്നത്.

ഉണ്ണി മുകുന്ദന്റെ വാക്കുകളിലേക്ക്

നമസ്‌കാരം,
മാളികപ്പുറം നാളെ തിയേറ്ററുകളിലെത്തുന്ന കാര്യം ഏവരും അറിഞ്ഞിരിക്കുമല്ലോ. ചിത്രം റിലീസിനോടടുക്കുമ്പോള്‍, എന്റെ ആകാംക്ഷ എത്രത്തോളം ഉണ്ടെന്ന് മറച്ചുപിടിക്കുന്നില്ല. ചിത്രം നിങ്ങള്‍ക്കരികിലേക്കെത്താന്‍ ഇനി അധികനേരമില്ല. ഒരു കാര്യം നേരിട്ട് പറയാം. എനിക്കിത് വെറുമൊരു സിനിമയായിരുന്നില്ല. അതിന്റെ കാരണമെന്തെന്ന് പറയാനുമാവില്ല. അക്കാരണം പിന്നീടെപ്പോഴെങ്കിലും നിങ്ങള്‍ തന്നെ കണ്ടെത്തുമായിരിക്കും. അതൊരു വിഷയമല്ല.

ഈ ചിത്രത്തിനായി നിയോഗിക്കപ്പെട്ടതില്‍ ഞാന്‍ അത്യന്തം വിനയാന്വിതനാണ്. ഈ വാക്കുകള്‍ കുറിക്കുമ്പോള്‍ ഞാന്‍ ആകാംക്ഷയുടെ പരകോടിയിലെത്തിയിരിക്കുന്നു.

ഈ സ്വപ്നസാക്ഷാത്കാരത്തിനു വഴിയൊരുക്കിയ നിര്‍മാതാക്കളായ ആന്റോ ചേട്ടനോടും വേണു ചേട്ടനോടും എന്റെ സഹപ്രവര്‍ത്തകരോടും ഞാന്‍ നന്ദി അറിയിക്കുന്നു. ഈ സ്വപ്നത്തിനു കൂട്ടായതിന് നന്ദി. എന്നെപ്പോലെ തന്നെ പലര്‍ക്കും ഇതേ ആകാംക്ഷ ഉണ്ടെന്നറിയാം. അതിനും ഞാന്‍ കടപ്പെട്ടിരിക്കുന്നു. പക്ഷെ നിങ്ങള്‍ എത്രത്തോളം പ്രതീക്ഷ കാത്തുസൂക്ഷിക്കുന്നു എന്നെനിക്കറിയില്ല.

ഒരു കാര്യത്തില്‍ ഉറപ്പ് പറയാം. മനോഹരമായ ഒരു ചിത്രമാകുമിത്. സിനിമയുടെ ഭാഗമായ കുട്ടികളുടെ പ്രകടനം അഭിനന്ദനീയമാണ്. അയ്യപ്പസ്വാമിയുടെ ഭക്തര്‍ ഓരോരുത്തര്‍ക്കും രോമാഞ്ചം പകരുന്ന സിനിമയായിരിക്കും ഇതെന്ന് ഞാന്‍ ഗ്യാരന്റി. ഞങ്ങള്‍ക്കൊപ്പവും, ഞങ്ങള്‍ക്കുള്ളിലും കുടികൊള്ളുന്ന ഈശ്വര ചൈതന്യത്തിനുള്ള ആദരമാണ് ഈ ചിത്രം.

എന്റെ പക്കലുണ്ടായിരുന്ന റിസോഴ്‌സുകള്‍ ഉപയോഗിച്ച് ഏറ്റവും മികച്ചത് കൊണ്ടുവരാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. സൂപ്പര്‍ഹീറോ വരികയായി. സ്വാമി ശരണം, അയ്യപ്പ ശരണം.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :